
ബ്രിട്ടനിൽ ഇറാൻ ആക്രമണങ്ങൾക്കു യുഎസ് സേന ഉപയോഗിക്കുന്ന ബ്രിട്ടീഷ് വ്യോമസേനയുടെ ഫെയർഫോർഡ് വ്യോമ താവളത്തിൽ ആക്രമണത്തിനെത്തി എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അഞ്ചു യുവാക്കൾ ലണ്ടനിൽ ജീവിക്കുന്ന ബ്രിട്ടീഷ് പൗരന്മാരാണെന്നു സ്ഥിരീകരണം. വിദേശ ബന്ധമുള്ള ഭീകരർ എന്നു സംശയിച്ചിരുന്ന അവർക്കു 23നും 25നും ഇടയിലാണ് പ്രായം.
ഈ വ്യോമ താവളം ഉപയോഗിക്കാൻ യുഎസിനെ അനുവദിക്കുന്നതിനെതിരെ ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി താക്കീതു നൽകിയിരുന്നു. അതു കൊണ്ട് അറസ്റ്റ് ചെയ്യപ്പെട്ടവർക്കു ഇറാൻ ബന്ധമുണ്ടോ എന്ന ചോദ്യമാണ് ആദ്യം ഉയർന്നത്.
ഭീകര ആക്രമണത്തിനു തയാറെടുത്തു എന്ന അടിസ്‌ഥാനത്തിൽ സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് അവരുടെ മേൽ ചുമത്തിയിട്ടുള്ളത്. എന്നാൽ അന്വേഷണം പല ദിശകളിലാണെന്നു പോലീസ് പറഞ്ഞു. "അത്യധികം സങ്കീർണവും വിശാലവുമായ അന്വേഷണത്തിൽ" പ്രതിരോധ വകുപ്പ് മുതൽ പ്രാദേശിക പോലീസ് വരെ സഹകരിക്കുന്നുണ്ട്.
ഗ്ലോവ്സെസ്റ്റർഷെയറിൽ സ്വിൻഡനു സമീപമാണ് ആർ എ എഫ് ഫെയർഫോർഡ് സ്ഥിതി ചെയ്യുന്നത്. താവളത്തിനു നേരെ മൂന്ന് വാഹനങ്ങൾ നീങ്ങുന്നതായി ഞായറാഴ്ച്ച പുലർച്ചെ ഫോൺ സന്ദേശം ലഭിച്ചെന്നു പോലീസ് പറയുന്നു. പിന്നീട് രണ്ടു മൈൽ അകലെ വെൽഫോഡ് ഗ്രാമത്തിൽ നിന്നാണ് അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തത്. ബോംബ് പരിശോധിക്കുന്ന പോലീസ് വിദഗ്ധരെ വാഹനങ്ങൾ തടഞ്ഞു പരിശോധിക്കാൻ രംഗത്തിറക്കി.
മാർച്ചിൽ ഫെയർഫോർഡിൽ ഏതാനും യുഎസ് ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ എത്തിയപ്പോൾ സ്ഥലവാസികളുടെ എതിർപ്പുണ്ടായിരുന്നു.
അഞ്ചു പേരെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേണം അഭ്യർഥിച്ചു. എന്നാൽ രാജ്യം ഭീകരാക്രമണം നേരിടാമെന്നു വിദേശകാര്യ മന്ത്രി എഡ് മിലിബാൻഡ് താക്കീതു നൽകി.
Men arrested in Fairford are UK citizens