Image

എ ഐ നിയന്ത്രിക്കണം, ഇല്ലെങ്കിൽ ബില്യൺ ആളുകൾ ഇല്ലാതാവുന്ന വിപത്തിനു സാധ്യതയെന്നു ഗെയ്‌റ്റ്‌സ് (പിപിഎം)

Published on 28 September, 2026
എ ഐ നിയന്ത്രിക്കണം, ഇല്ലെങ്കിൽ ബില്യൺ ആളുകൾ ഇല്ലാതാവുന്ന വിപത്തിനു സാധ്യതയെന്നു ഗെയ്‌റ്റ്‌സ് (പിപിഎം)

നിർമിത ബുദ്ധിക്കു (എ ഐ) തെറ്റായ കൈകളിൽ എത്തിപ്പെട്ടാൽ ഒരു ബില്യൺ ആളുകളെ കൊല്ലാനുള്ള മാരക ശക്തി ഉണ്ടെന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗെയ്‌റ്റ്‌സ് താക്കീതു നൽകി. എ ഐയുടെ മേൽ നിയന്ത്രണം ആവശ്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

എ ഐ ദുരുപയോഗം ചെയ്താൽ മനുഷ്യരാശിയുടെ തന്നെ ഉന്മൂലനം സംഭവിക്കാമെന്നു ഞായറാഴ്ച്ച എൻ ബി സിയുടെ 'മീറ്റ് ദ പ്രസ്' പരിപാടിയിൽ ഗെയ്‌റ്റ്‌സ് പറഞ്ഞു. "ബില്യൺ മരണങ്ങൾ സംഭവിക്കാവുന്ന സാധ്യതയുണ്ട്. എ ഐ ഉപയോഗിച്ചു വിനാശം വിതയ്ക്കാൻ മടിക്കാത്തവരുടെ കൈയ്യിൽ അത് എത്തിപ്പെട്ടാൽ വമ്പിച്ച അപകട സാധ്യതയാണ് കാണുന്നത്."

നിയന്ത്രണങ്ങൾ ഉണ്ടായില്ലെങ്കിൽ ഭീകരർക്കും മറ്റും എ ഐ ഉപയോഗിച്ചു ഭീകരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നു ഗെയ്‌റ്റ്‌സ് പറഞ്ഞു.

യെമെനിലെ ഹൂത്തി വിപ്ലവകാരികൾ  ദീർഘദൂര മിസൈൽ നിർമാണത്തിൽ  എ ഐ ഉപയോഗിച്ചു എന്നു റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് മടിച്ചു നിൽപ്പാണ്. നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ ഈ രംഗത്തെ മത്സരത്തിൽ യുഎസ് ചൈനയോടു തോൽക്കുമെന്നാണ് അദ്ദേഹത്തിന്റെ ആശങ്ക.

ഗെയ്‌റ്റ്‌സ് ആ ചിന്താഗതിയോടു യോജിക്കുന്നില്ല. "അത് സാധ്യമായ കാര്യമാണ്. അതു കൊണ്ടു മാന്ദ്യമൊന്നും ഉണ്ടാവില്ല."

Bill Gates presses controls over AI 

Join WhatsApp News
Jayan varghese 2026-09-28 12:43:13
ആസി ( ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റലിജെൻസ് / എ.എസ്.ഐ. ) വളർച്ചയുടെ അപകട സാധ്യതകളെപ്പറ്റി ആധിയോടെ ചർച്ച ചെയ്യുന്ന ആധുനിക ലോകം ധൃതരാഷ്ട്രാലിംഗനത്തിൽ അസ്ഥികൾ തകർന്നവസാനിക്കാൻ അടുത്തെത്തുന്ന ഭീമന്റെ അവസ്ഥയിലാണ് ഇന്നുള്ളത്. നാൽപ്പത്തി ഒൻപതു വർഷം മുൻപ് ഞാനെഴുതിയ ‘ ജ്യോതിർഗമയ ‘ എന്ന നാടകത്തിൽ ഈ ദുരവസ്ഥ കലാപരമായി ആവിഷ്‌ക്കരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് എന്റെ പ്രതിഭയായി ഞാൻ എണ്ണുന്നില്ലാ. പകരം എന്നിൽ നിക്ഷിപ്തമായ നിയോഗമായിരുന്നു എന്ന നിലയിലാണ് ഞാൻ വിലയിരുത്തുന്നത്. “ വേണം ഞങ്ങൾക്കൊരു രക്ഷകനെ - ഒരു യുഗ രക്ഷകനെ “ എന്ന ജനങ്ങളുടെ നിർബന്ധത്തിനു വഴങ്ങി ശാസ്ത്രത്തിന്റെ പ്രതീകമായ ഗുരു തന്റെ ലബോറട്ടറിയിൽ ഒരു റോബോട്ടിനെ നിർമ്മിക്കുകയാണ്. നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ എത്തുന്നതോടെ ഗുരുവിന്റെ ആജ്ഞകൾ നിഷേധിച്ചു കൊണ്ട് സ്വയം നിർമ്മിച്ച് പൂർണ്ണനാവുന്ന റോബോട്ട് ലബോറട്ടറി പൊളിച്ചു പുറത്തു ചാടി ഗുരുവിനെ വധിക്കുന്നു. “ എവിടെ ഇനിയെവിടെ എന്റെ ശത്രു ? “ എന്ന് മുരണ്ടു കൊണ്ട് തന്റെ സ്പർനികൾ നീട്ടി ചുറ്റും പരതുന്ന റോബോട്ടിന്റെ പിടിയിൽ അകപ്പെടുന്നതിനു തൊട്ടുമുൻപ് മനുഷ്യ മനസാക്ഷിയുടെ പ്രതീകമായ ആചാര്യൻ നിലത്തു മുട്ട് കുത്തി കൈകൾ മേലോട്ടുയർത്തി “ വിശ്വ ചേതനയുടെ വിളക്കുമരമേ തിരി തെളിക്കൂ, സർവ്വ നാശത്തിന്റെ താഴ്വരകളിൽ രക്ഷയുടെ പ്രകാശം ചൊരിയൂ “ എന്ന് പ്രാർത്ഥിക്കുന്നു. അവിടെ റോബോട്ടിന് പകരമായി ജനം വധിച്ചു കളഞ്ഞ നവൻ എന്ന നായക കഥാപാത്രം ക്രിസ്തുവിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. “ ചിറകിൻ കീഴിലെ ഇളം ചൂടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് അണ്വായുധ ഭീഷണിയുടെ അഗ്നിക്കാറ്റിന്‌ തപസ്സിരിക്കാൻ വിധിക്കപ്പെട്ടവരേ വരൂ, ഇളം ചുണ്ടിൽ വിശ്വ സാഹോദര്യത്തിന്റെ ഒലിവിലക്കൊമ്പുമായി മടങ്ങി വരൂ, എന്നിലേക്ക്‌, പ്രകൃതിയിലേക്ക്, സ്നേഹത്തിലേക്ക് “ എന്ന് ക്ഷണിക്കിമ്പോൾ ആ അഭയം സ്വീകരിക്കുന്ന ആചാര്യൻ നവന്റെ നെഞ്ചിൽ മുഖമമർത്തി പ്രത്യാശയോടെ ആ മിഴികളിൽ മിഴികളുടക്കി നിൽക്കുമ്പോൾ നാടകം അവസാനിക്കുന്നു. തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും ‘ എഴുത്തുകാരൻ പ്രവാചകനാണ് ‘ എന്ന നൈനാൻ മാത്തുള്ളയുടെ വാക്കുകൾ സത്യമായിരുന്നു എന്ന് ഇവിടെ എനിക്ക് ബോധ്യമാവുന്നുണ്ട് ! ജയൻ വർഗീസ്. ( ‘ Towards The Light ‘ Published by CUNY/ City of university New York )
Sudhir Panikkaveetil 2026-09-28 14:20:50
ഇരുമ്പ് പ്രതിമ ഉണ്ടാക്കി ഭീമനെ രക്ഷിക്കാൻ ഒരു കൃഷ്ണൻ ഉണ്ടായിരുന്നു.ഭാരതം ഒരു ഭസ്മാസുരന്റെ കഥ പറയുന്നുണ്ട്. അതേപോലെ പുരാണങ്ങളിൽ, ആലോചിക്കാതെ വരം കൊടുക്കുന്ന ദേവന്മാരെയും അതിന്റെ ഭവിഷ്യത്തുകൾ മാറ്റാൻ വരുന്ന അവതാരങ്ങളെയും പറയുന്നുണ്ട്. ബുദ്ധിശക്തിയാണോ ജയിക്കുക സത്യമാണോ ജയിക്കുക എന്ന് കാലം തെളിയിക്കും. ശ്രീ ജയൻ ക്രാന്തദർശിയാണ്.വരാൻ പോകുന്ന ആപത്തിൽ നിന്നും മനുഷ്യരാശി രക്ഷ നേടേണ്ടത് യേശുവിലൂടെയാണെന്ന അദ്ദേഹത്തിന്റെ പ്രവചനം ജനങ്ങൾ തള്ളിക്കളഞ്ഞേക്കാം എന്നാലും "സംഭവാമി യുഗേ യുഗേ"
Santhosh Pillai 2026-09-28 15:13:47
"അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ കുലുമാൽ". അമിത ലാഭത്തിനും,മേൽക്കോയ്‌മക്കും വേണ്ടിയുള്ള മൽസരത്തിൽ മാനവരാശി ഒന്നാകെ അടിമകളാക്കപ്പെടാനുള്ള സാദ്ധ്യത അടുത്തെത്തി കഴിഞ്ഞു. അവസാനം---- പ്രപഞ്ചത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ, ഒരു മണൽത്തരിയോളം പോലും വലിപ്പമില്ലാത്ത ഭൂമിയിലെ, വെറും നിസ്സാരന്മാരായ മനുഷ്യരെ രക്ഷിക്കാൻ ദൈവം-- അങ്ങനെ ഒരു ശക്തി ഉണ്ടെങ്കിൽ പോലും, അങ്ങേർക്ക് വേറെ ഒരുപണിയുമില്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക