
സോഷ്യൽ മീഡിയയിൽ സ്വർണവും പണവും പ്രദർശിപ്പിച്ചിരുന്ന യൂട്യൂബർ മധുമിതയുടെ വീട്ടിൽ വൻ കവർച്ച. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിന് സമീപം തമ്മത്തുകോണം വി.ഐ.പി ഗാർഡനിലെ വീട്ടിൽ നിന്നാണ് 118 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നത്. സംഭവത്തിൽ ആറ് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.
മധുമിതയും ഭർത്താവ് വിനോദ്കുമാറും കുടുംബത്തോടൊപ്പം താമസിക്കുന്ന വീടാണിത്. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ കുടുംബം സാധനങ്ങൾ വാങ്ങുന്നതിനായി വീട് പൂട്ടി തിരുനെൽവേലിയിലേക്ക് പോയിരുന്നു. രാത്രി 11.45ഓടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ മരവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അലമാര തകർത്ത് 118 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നതായി കണ്ടെത്തിയത്.
വിവരമറിഞ്ഞ് രാജാക്കമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി അന്ഷുൽ നാഗർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയെ ഉപയോഗിച്ചും വിരലടയാള വിദഗ്ധരുടെ സഹായത്തോടെയും തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
അതേസമയം, മധുമിത നേരത്തെ സോഷ്യൽ മീഡിയയിൽ സ്വർണാഭരണങ്ങളും പണവും സംബന്ധിച്ച നിരവധി വീഡിയോകൾ പങ്കുവെച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും പ്രദർശിപ്പിക്കുന്നതും നിത്യമായി ആഭരണങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് പറയുന്നതുമായ വീഡിയോകൾ ഇതിൽ ഉൾപ്പെടുന്നു