
പറവൂരിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ കണ്ടക്ടർക്ക് സസ്പെൻഷൻ. ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ബസിലാണ് സംഭവം നടന്നത്. ജീവനക്കാരന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി കെഎസ്ആർടിസി വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇടപെട്ടതിനെ തുടർന്നാണ് അടിയന്തര നടപടി ഉണ്ടായത്.
മുടിവെട്ടിയതുകൊണ്ട് പെണ്‍കുട്ടിയാണെന്ന് പറയാനാകില്ലെന്ന് കണ്ടക്ടർ സൗജന്യ യാത്രാസൗകര്യം നിഷേധിച്ചത്. ഒരു തീർത്ഥാടനത്തിന്റെ ഭാഗമായി വിദ്യാർത്ഥിനി തല മൊട്ടയടിച്ചിരുന്നു. മുടി പൂർണ്ണമായി വളർന്നു വന്നിരുന്നില്ല.പെൺകുട്ടിയാണെന്ന് സഹപാഠികൾ വ്യക്തമാക്കിയെങ്കിലും, "ഇവളെ കണ്ടിട്ട് പെൺകുട്ടിയായി തോന്നുന്നുണ്ടോ, നീ പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കാൻ പറ്റില്ലല്ലോ, നെറ്റിയിൽ ഒട്ടിച്ചു വെച്ചോ" എന്നിങ്ങനെ അങ്ങേയറ്റം മോശമായ രീതിയിൽ കണ്ടക്ടർ കുട്ടിയെ സഹയാത്രികരുടെ മുന്നിൽ വെച്ച് അധിക്ഷേപിക്കുകയായിരുന്നു. കൈയിൽ പൈസയില്ലാതിരുന്ന കുട്ടി ബസിൽ നിന്ന് ഇറങ്ങാൻ തയ്യാറായപ്പോഴും അപഹാസ്യം തുടർന്നു. കണ്ടക്ടർക്ക് പുറമെ ഡ്രൈവറും ചില യാത്രക്കാരും തന്നെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിച്ചെന്നും വിദ്യാർത്ഥിനി വ്യക്തമാക്കി.