
പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായി. നാലുദിവസമായി തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയും രാജ്യത്തുടനീളം പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായിട്ടുണ്ട്. 7,126 മീറ്റർ ഉയരമുള്ള ഹിംലങ് ഹിമാൽ പർവതത്തിന്റെ ബേസ് ക്യാമ്പിലുണ്ടായിരുന്ന ആളുകളെയാണ് കാണാതായത്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് നേപ്പാൾ ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ റാം കൃഷ്ണ ലാമിച്ചാനെ അറിയിച്ചു.
മനാങ് ജില്ലയിൽ കാണാതായവരിൽ വിവിധ ഏജൻസികളിൽനിന്നുള്ള പർവതാരോഹകരും ഉൾപ്പെടുന്നുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും പിന്മാറിയെങ്കിലും ചിലർ ബേസ് ക്യാമ്പിൽ തന്നെ തങ്ങുകയായിരുന്നു. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ നേപ്പാൾ ടൂറിസം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് രൂപന്ദേഹി ജില്ലയിലെ തിനൗ നദി കവിഞ്ഞൊഴുകി. ബുട്‌വാളിൽ ആറ് വീടുകൾ ഒലിച്ചുപോകുകയും ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. നദീതീരങ്ങളിൽനിന്ന് ആയിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. ചിറ്റ്വാൻ ജില്ലയിൽ നാരായണി, റിയു നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. കർണാലി മേഖലയിൽ തുളി ഭേരി, കർണാലി നദികളിലെ ജലനിരപ്പ് ഉയരുന്നത് പ്രളയ ഭീഷണി ഉയർത്തുന്നുണ്ട്.
വ്യാഴാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലം നേപ്പാൾ വീണ്ടും കനത്ത മഴക്കെടുതി നേരിടുകയാണ്. ഇതുവരെ കുറഞ്ഞത് 14 പേർ മരിക്കുകയും, റോഡുകൾ തടസ്സപ്പെടുകയും, നദികളിലെ ജലനിരപ്പ് കുത്തനെ ഉയരുകയും ചെയ്തു; ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.