
ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനായി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം ചെലവഴിച്ചത് 19.8 കോടി രൂപ. ഭരണം നഷ്ടമായ ഡിഎംകെ 197.8 കോടി രൂപ ചെലവഴിച്ചപ്പോൾ എഐഎഡിഎംകെ 112.4 കോടി രൂപയുമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 233 സീറ്റുകളിൽ മത്സരിക്കുകയും 108 സീറ്റുകൾ നേടി ടിവികെ സഖ്യസർക്കാർ രൂപീകരിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ വിജയിയുടെ വിമാനയാത്രയ്ക്കായി 3.5 കോടി രൂപയും വിജയ് മത്സരിച്ച പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലായി 40 ലക്ഷം രൂപയും ചെലവഴിച്ചതായി ടിവികെ വ്യക്തമാക്കി.പാർട്ടി ട്രഷറർ പി വെങ്കട്ടരമണൻ ഒപ്പിട്ട ചെലവ് കണക്കുകളിലാണ് ഈ സുപ്രധാന വിവരമുള്ളത്.
അതേസമയം, മറ്റ് സ്ഥാനാർഥികൾക്കായി പ്രത്യേക ചെലവുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. സ്ഥാനാർഥികൾ സ്വയം പ്രചാരണ ചെലവുകൾ ചെലവഴിച്ചെന്നാണ് റിപ്പോർട്ട്.
മാർച്ച് 14നും ഏപ്രിൽ 28നും ഇടയിൽ വിജയിയുടെ യാത്രയ്ക്കായി TAI ജെറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ചിപ്‌സാൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ഫ്ലൈ ഹൈ ഗ്ലോബൽ എയർക്രാഫ്റ്റ് മാനേജ്‌മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്ക് നൽകിയ നാല് പേയ്‌മെന്റുകൾ പുറത്തുവിട്ട റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയ വഴിയുള്ള വെർച്വൽ പ്രചാരണത്തിന് ചെലവുകളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് കാണിക്കുന്നു. പാർട്ടി നടത്തിയ പൊതു പ്രചാരണച്ചെലവിൽ ഏറ്റവും വലിയ തുകയായ 6.3 കോടി രൂപ മാധ്യമ പരസ്യങ്ങൾക്കായാണ് (അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾ, റേഡിയോ എന്നിവയുൾപ്പെടെ) ചെലവഴിച്ചത്. ഇതിൽ മന്ത്രിയായ ആധവ് അർജുനയുടെ ഉടമസ്ഥതയിലുള്ള 'വോയ്‌സ് ഓഫ് കോമൺ സ്ട്രാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്' നൽകിയ 1.79 കോടി രൂപയും ഉൾപ്പെടുന്നു.
പൊതുയോഗങ്ങൾക്കും റോഡ്‌ഷോകൾക്കുമായി പാർട്ടി 2.1 കോടി രൂപയും പ്രചാരണ സാമഗ്രികൾക്കായി 40.5 ലക്ഷം രൂപയും ചെലവഴിച്ചു.