Image

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരം നാളെ കാര്യവട്ടത്ത്; എല്ലാ കണ്ണുകളും കോഹ്ലിയിലേക്ക്

Published on 26 September, 2026
 ഇന്ത്യ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്  മത്സരം നാളെ കാര്യവട്ടത്ത്; എല്ലാ കണ്ണുകളും  കോഹ്ലിയിലേക്ക്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നത്. സുരക്ഷയുടെ ഭാഗമായി രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധനയുണ്ടാകും. ടിക്കറ്റുള്ള കാണികളെ മാത്രമേ ഈ സമയത്തിന് ശേഷം കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

അതേസമയം, നാളെ ഇന്ത്യ കളിത്തിലിറങ്ങുമ്പോള്‍ എല്ലാം കണ്ണുകളും വിരാട് കോഹ്ലിയിലേക്കാണ്. വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് വൻ റെക്കോർഡ് നേട്ടങ്ങളാണ്. വെസ്റ്റ് ഇൻഡീസിനെതിരെ ഇതുവരെ കളിച്ച 43 മത്സരങ്ങളിലെ 41 ഇന്നിങ്സുകളിൽ നിന്നായി 66.50 ശരാശരിയിൽ 9 സെഞ്ചുറികളും 11 അർധസെഞ്ചുറികളും അടക്കം 2,261 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയിട്ടുള്ളത്.

സച്ചിൻ ടെണ്ടുൽക്കർക്ക് (18,426 റൺസ്) ശേഷം ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനായ കോഹ്‌ലി, ഏകദിനത്തിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ലോകത്തെ രണ്ടാമത്തെ ബാറ്ററുമാകാൻ വെറും 59 റൺസ് മാത്രം അകലെയാണ്. നിലവിൽ 314 മത്സരങ്ങളിലെ 302 ഇന്നിങ്സുകളിൽ നിന്ന് 58.59 ശരാശരിയിൽ 54 സെഞ്ചുറികളും 79 അർധസെഞ്ചുറികളും അടക്കം 14,941 റൺസാണ് 37-കാരനായ കോഹ്‌ലിയുടെ സമ്പാദ്യം; ഉയർന്ന സ്കോർ 183 ആണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ എന്ന നേട്ടത്തിലേക്ക് കുതിക്കുന്ന കോഹ്‌ലി നിലവിൽ 85 സെഞ്ചുറികൾ തികച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെ മാത്രം ഒമ്പത് സെഞ്ചുറികൾ നേടിയിട്ടുള്ള താരം തിരുവനന്തപുരത്ത് ആ നേട്ടം കൂടുതൽ വർധിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മത്സരം കാണാനെത്തുന്നവർക്കായി വിവിധ ഇടങ്ങളിലായി വിപുലമായ പാർക്കിങ് സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കാണികൾക്കായി കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസ്,കാര്യവട്ടം ഗവൺമെന്റ് കോളേജ്, ബി.എഡ് സെന്റർ കാര്യവട്ടം, എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, അൽസാജ് കൺവെൻഷൻ സെന്ററിലെ പാർക്കിങ് ​ഗ്രൗണ്ട്, ​ഗ്രീൻഫീൽഡ് സ്റ്റേഡിയം പാർക്കിങ് ​ഗ്രൗണ്ട് എന്നിവടങ്ങളിലാണ് പാർക്കിങ് ഏർപ്പെടുത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക