
കോഴിക്കോട്: സംസ്ഥാനത്ത് പരിസ്ഥിതിലോല പ്രദേശങ്ങളായി (ഇഎസ്‌എ) നിർണയിച്ച കേന്ദ്രത്തിൻ്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തിൽ കർണാടക്ക് പിന്നാലെ കേരളവും പ്രമേയം കൊണ്ടുവരുന്നു. ഇഎസ്‌എയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായി ഒഴിവാക്കണം എന്നതാണ് പ്രമേയത്തിൽ അവതരിപ്പിക്കുകയെന്ന് വൈദ്യുതി-പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ പ്രത്യേക പ്രമേയം അവതരിപ്പിക്കും. കേരളം അതീവ ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനമാണ്. അതിനാൽ ജനങ്ങളുടെ സ്വാഭാവിക ജീവിതത്തെയും ജീവനോപാധികളെയും ബാധിക്കുന്ന തരത്തിലുള്ള ഒരു തീരുമാനവും നടപ്പിലാക്കാൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങൾക്ക് പുറമെ, തോട്ടം ഭൂമിയെയും കൃഷിഭൂമിയെയും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാരിൻ്റെ വ്യക്തമായ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭയിൽ ഏകകണ്‌ഠമായ പിന്തുണ പ്രതീക്ഷിക്കുന്നു എന്നും മന്ത്രി പറഞ്ഞു. അടുത്ത മാസം 12 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിലായിരിക്കും ഈ വിഷയം പ്രമേയമായി സഭയുടെ മുന്നിലെത്തുന്നത്. ജനങ്ങളുടെ ആശങ്കകൾ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് തയ്യാറാക്കുന്ന ഈ പ്രമേയം, കക്ഷിരാഷ്ട്രീയ ഭേദമന്യേ നിയമസഭ ഏകകണ്‌ഠ മായി പാസ്സാക്കുമെന്നാണ് കരുതുന്നത്" എന്നും മന്ത്രി സണ്ണി ജോസഫ് പ്രത്യാശ പ്രകടിപ്പിച്ചു.