
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ 28ന് ഉപതെരഞ്ഞെടുപ്പ് നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലായി 126 സ്ഥാനാർഥികൾ ജനവിധി തേടും. ഇതിൽ 64 പേർ പുരുഷന്മാരും 62 സ്ത്രീകളുമുണ്ട്. പാലക്കാടാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ ജനപിന്തുണ തേടുന്നത്. ഏഴ് വാർഡുകളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ജില്ലയിൽ 23 സ്ഥാനാർഥികൾ മത്സരിക്കും. 385 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക് കൈമാറി വോട്ടിങ് മെഷീനുകളും സജ്ജമായി കഴിഞ്ഞു.
വോട്ട് രേഖപ്പെടുത്താൻ തിരിച്ചറിയൽ രേഖയായി സമ്മതിദായകർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫിസിൽ നിന്ന് ആറുമാസത്തിനകത്ത് ലഭിച്ച ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.