
കൊല്ലം: കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിത് ഷാക്ക് നേരെ കരിങ്കൊടി കാണിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.35 നാണ് സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണായിരുന്നു പ്രതിഷേധം. വാഹനവ്യൂഹനത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
യൂത്ത് കോണ്‍ഗ്രസുകാരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സ്ഥലത്ത് ചെറിയ രീതിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
കുണ്ടറയില്‍ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തില്‍ എത്തിയത്. ചടങ്ങിന് പിന്നാലെ ഹെലികോപ്റ്റര്‍ മാര്‍ഗം അമൃതപുരിയിലെത്തും. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിശ്വ സേവന ദിന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കും.