
വാഷിങ്ടൺ: കോൺഗ്രസിന്റെ അനുമതി തേടാതെ ഏകദേശം $1 ബില്യൺ വരുന്ന നേരത്തെ അംഗീകരിച്ച ഫെഡറൽ ഫണ്ട് റദ്ദാക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റ സേവനങ്ങൾ, വിദേശ രാജ്യങ്ങൾക്കുള്ള സഹായം, വിദ്യാഭ്യാസ പദ്ധതികൾ, ആരോഗ്യ ഗവേഷണം, ന്യൂനപക്ഷ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കുള്ള സഹായം തുടങ്ങിയ മേഖലകളെയാണ് ഫണ്ട് റദ്ദാക്കൽ ബാധിക്കുന്നത്.
സെപ്റ്റംബർ 30ന് ഫെഡറൽ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. കോൺഗ്രസിന്റെ അനുമതിയില്ലാതെ അംഗീകരിച്ച ഫണ്ട് റദ്ദാക്കാൻ ഭരണകൂടം ശ്രമിക്കുന്നതിനെ തുടർന്ന് വൈറ്റ് ഹൗസും കോൺഗ്രസും തമ്മിലുള്ള അധികാരത്തർക്കം വീണ്ടും ശക്തമാകുമെന്നാണ് വിലയിരുത്തൽ.
‘പോക്കറ്റ് റിസിഷൻ’ എന്ന പേരിലുള്ള വിവാദ ബജറ്റ് നടപടിയാണ് ഭരണകൂടം ഇതിനായി ഉപയോഗിക്കുന്നത്. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫണ്ട് റദ്ദാക്കാനുള്ള അപേക്ഷ കോൺഗ്രസിന് നൽകുകയും, നിയമപ്രകാരം കോൺഗ്രസിന് ലഭിക്കുന്ന അവലോകന കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഫണ്ട് കാലഹരണപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ രീതി.
വെള്ളിയാഴ്ചയാണ് ട്രംപ് തീരുമാനത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കളെ അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആരോഗ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ റദ്ദാക്കപ്പെടുന്ന ഫണ്ട് ഏകദേശം $810 മില്യൺ വരുന്നതായി ‘ക്യു.സി. റോൾ കോൾ’ റിപ്പോർട്ട് ചെയ്തു. ആകെ റദ്ദാക്കുന്ന തുക ഏകദേശം $1 ബില്യണിലേക്ക് എത്തുമെന്നാണ് ‘പൊളിറ്റിക്കോ’ റിപ്പോർട്ട് ചെയ്തത്.
പാഴ് ചെലവുകളും ഹാനികരമായ ചെലവുകളും ഒഴിവാക്കുന്നതിനുള്ള നടപടിയാണിതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ‘പാഴായതും ഹാനികരവുമായ ചെലവുകൾ ഇല്ലാതാക്കുന്നതിനുള്ള ചരിത്രപരമായ നടപടി’ എന്നാണ് ഭരണകൂടം തീരുമാനത്തെ വിശേഷിപ്പിച്ചതെന്ന് ക്യു.സി. റോൾ കോൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് ധനവിനിയോഗ സമിതി അംഗങ്ങൾ നടപടിയെ എതിർത്തു. കോൺഗ്രസ് അംഗീകരിച്ച ഫണ്ട് ഭരണകൂടം മനഃപൂർവം മാസങ്ങളോളം ചെലവഴിക്കാതെ വച്ചശേഷം നിയമനിർമാണ സഭയുടെ അനുമതിയില്ലാതെ റദ്ദാക്കാൻ ശ്രമിക്കുകയാണെന്നാണ് അവരുടെ ആരോപണം.
സെനറ്റിലെ മുതിർന്ന റിപ്പബ്ലിക്കൻ ധനവിനിയോഗ സമിതി അംഗമായ മെയിൻ സംസ്ഥാനത്തെ സെനറ്റർ സൂസൻ കോളിൻസ് നടപടി നിയമവിരുദ്ധമാണെന്ന് പറഞ്ഞു.
‘കോൺഗ്രസിന്റെ അനുമതിയില്ലാതെ അനുവദിച്ച ഫണ്ട് റദ്ദാക്കാനുള്ള ഏതൊരു ശ്രമവും നിയമത്തിന്റെ വ്യക്തമായ ലംഘനമാണ്,’ കോളിൻസ് പ്രസ്താവനയിൽ പറഞ്ഞു.
കോൺഗ്രസ് അംഗീകരിക്കുകയും ഇരുകക്ഷികളുടെയും പിന്തുണയോടെ നിയമമാക്കുകയും ചെയ്ത ഫണ്ട് റദ്ദാക്കുന്നതിനായി ഓഫിസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് മാസങ്ങളോളം പണം തടഞ്ഞുവച്ചുവെന്നും കോളിൻസ് ആരോപിച്ചു. ഇത്തരം നടപടികൾക്കെതിരെ മറ്റ് നിയമനിർമാതാക്കളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ വൈറ്റ് ഹൗസും കോൺഗ്രസും തമ്മിലുള്ള സംഘർഷം ഇതോടെ കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. അമേരിക്കൻ ഭരണഘടന പ്രകാരം ഫെഡറൽ ഫണ്ടുകൾ അനുവദിക്കാനുള്ള അധികാരം കോൺഗ്രസിനാണ്. കോൺഗ്രസ് പാസാക്കിയ ചെലവ് നിയമങ്ങൾ നടപ്പാക്കേണ്ടത് എക്സിക്യൂട്ടീവ് വിഭാഗത്തിന്റെ ചുമതലയാണ്.
നിലവിലുള്ള നിയമപ്രകാരം, നേരത്തെ കോൺഗ്രസ് അംഗീകരിച്ച ഫണ്ട് റദ്ദാക്കണമെന്ന് പ്രസിഡന്റ് കോൺഗ്രസിനോട് ആവശ്യപ്പെടാം. അപേക്ഷ പരിഗണിക്കുന്നതിനിടെ 45 ദിവസം വരെ ഫണ്ട് തടഞ്ഞുവയ്ക്കാൻ ഭരണകൂടത്തിന് സാധിക്കും. കോൺഗ്രസിന് റദ്ദാക്കൽ അംഗീകരിക്കുകയോ നിരസിക്കുകയോ നടപടിയെടുക്കാതിരിക്കുകയോ ചെയ്യാം. അനുവദിച്ച കാലയളവിനുള്ളിൽ കോൺഗ്രസ് റദ്ദാക്കലിന് അംഗീകാരം നൽകിയില്ലെങ്കിൽ സാധാരണയായി ഫണ്ട് വിട്ടുനൽകേണ്ടതാണ്.
സെപ്റ്റംബർ 30ലെ സാമ്പത്തിക വർഷാവസാനത്തിന് മുന്നോടിയായി ചെലവഴിക്കാതെ ശേഷിക്കുന്ന ഫെഡറൽ ഫണ്ടുകളുടെ കണക്കുകൾ ഏജൻസികളിൽനിന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് പുതിയ നടപടി. സർക്കാർ ധനസഹായത്തെക്കുറിച്ചുള്ള ചർച്ചകളെയും ഇത് കൂടുതൽ സങ്കീർണമാക്കാനിടയുണ്ട്.
കഴിഞ്ഞ വർഷവും ട്രംപ് സമാനമായ വിവാദ നടപടിയിലൂടെ കോൺഗ്രസിന്റെ അനുമതിയില്ലാതെ $4.9 ബില്യൺ വിദേശ സഹായം റദ്ദാക്കിയിരുന്നു. അന്നും കോൺഗ്രസിന്റെ ധനവിനിയോഗ അധികാരത്തെക്കുറിച്ച് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ അംഗങ്ങളിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നു.
1974ലെ കോൺഗ്രഷണൽ ബജറ്റ് ആൻഡ് ഇംപൗണ്ട്മെന്റ് കൺട്രോൾ നിയമത്തിലൂടെയാണ് ആധുനിക ‘റിസിഷൻ’ നടപടിക്രമം നിലവിൽ വന്നത്. കോൺഗ്രസ് അനുവദിച്ച പണം പ്രസിഡന്റ് ചെലവഴിക്കാതെ തടഞ്ഞുവയ്ക്കാനുള്ള അധികാരത്തെച്ചൊല്ലിയുണ്ടായ തർക്കങ്ങൾക്ക് പിന്നാലെയായിരുന്നു നിയമനിർമാണം.