
വോട്ടർമാരുടെ യോഗ്യത പരിശോധിക്കാൻ ഫെഡറൽ ഇമിഗ്രെഷൻ ഡാറ്റ ദേശീയ തലത്തിലുള്ള സംവിധാനമായി വികസിപ്പിക്കാൻ സുപ്രീം കോടതി പ്രസിഡന്റ് ട്രംപിന് അനുമതി നൽകി.
2025 മാർച്ചിൽ ട്രംപ് തുടക്കമിട്ട 'സേവ്' എന്ന പേരിലുള്ള നീക്കത്തിനു കീഴ്കോടതി കല്പിച്ച വിലക്ക് സുപ്രീം കോടതി നീക്കി.
നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപായി ഡാറ്റാ ബേസ് പരിശോധിക്കാൻ ഇതോടെ ട്രംപ് ഭരണകൂടത്തിന് അനുമതിയായി. വോട്ടർമാരെ കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കാൻ ഏറ്റവും മികച്ച സൗകര്യമാണ് ഡാറ്റ ബേസ് എന്നിരിക്കെ ഫെഡറൽ ഗവൺമെന്റിനെ കീഴ്കോടതി അതിൽ നിന്നു തടയുകയാണ് ചെയ്തതെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഭരണകൂടത്തിന്റെ നീക്കം നിയമപരമാണോ എന്ന് ഈ വിധി അന്തിമമായി സ്ഥാപിക്കുന്നില്ല. എന്നാൽ തർക്കവിഷയങ്ങൾ നിലനിൽക്കെ താത്കാലിക ഉത്തരവ് നൽകുകയാണ് ചെയ്തിട്ടുള്ളത്.
തിരഞ്ഞെടുപ്പിനു മുൻപ് വോട്ടർ പട്ടികയിൽ വൻ തോതിലുള്ള മാറ്റങ്ങൾ പാടില്ലെന്നു ഫെഡറൽ നിയമം അനുശാസിക്കുന്നു എന്നു കോടതി ചൂണ്ടിക്കാട്ടി. അതു കൊണ്ട് ഡാറ്റ ബേസ് വികസിപ്പിക്കുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഇടക്കാല തിരഞ്ഞെടുപ്പിൽ അത്രയേറെ ബാധിക്കില്ല.
സംസ്ഥാനങ്ങൾക്കു വ്യക്തിതലത്തിൽ വോട്ടർമാരെ ഈ വിധം പരിശോധിക്കാമെന്നും കോടതി പറയുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസ് പൗരത്വം നേടിയവരെ ഈ തീർപ് ബാധിക്കാം. ഡാറ്റ അപൂർണമോ തെറ്റോ ആണെങ്കിൽ വോട്ടറെ അത് ബാധിക്കും.
ഡാറ്റയുടെ കൃത്യതയാണ് അടിസ്‌ഥാനപരമായി കീഴ്കോടതിയും ചോദ്യം ചെയ്തത്. സുപ്രീം കോടതിയിലെ വലതുപക്ഷ വിഭാഗം അത് തള്ളിക്കളഞ്ഞു.
ജസ്റ്റിസ് കേതൻജി ബ്രൗൺ ജാക്‌സൺ, ജസ്റ്റിസ് സോണിയ സോട്ടോമായർ, ജസ്റ്റിസ് എലീന കാഗൻ എന്നിവർ ഭൂരിപക്ഷ തീർപ്പിനെ എതിർത്തു.
ഫെഡറൽ നിയമം ലംഘിക്കപ്പെടുമെന്ന കീഴ്കോടതിയുടെ തീർപ്പു ശരിയാണെന്നു ജാക്‌സൺ ചൂണ്ടിക്കാട്ടി. കൂട്ടമായ പരിശോധനയിൽ പിഴവുകൾ മൂലം പൗരന്മാർക്കു പോലും വോട്ടവകാശം നഷ്ടപ്പെടാം.
അതേ സമയം, ട്രംപിന്റെ സേവ് ഉത്തരവിലെ മറ്റു പല ഘടകങ്ങൾക്കും കീഴ്കോടതികളുടെ വിലക്കു തുടരുന്നുണ്ട്. വോട്ട് ചെയ്യാൻ പൗരത്വത്തിന്റെ തെളിവ് ഹാജരാക്കണം എന്ന വ്യവസ്ഥയാണ് അതിലൊന്ന്.
US top court revives voter database