
ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ ഭിന്നതകളെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കി കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തർ അടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കോൺഗ്രസ് പ്രതിഷേധിച്ചു.
ഡൽഹിക്കു പുറമേ, ബിഹാർ, അസം, പഞ്ചാബ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച കോണഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും പ്രതിഷേധ മാർച്ച് നടത്തി. എം.പിമാർ അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് തടയുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തതോടെ സ്ഥലത്ത് സംഘർഷാവസ്ഥയാണ്.
വോട്ടർപട്ടികയിൽ പുതിയ പേരുകൾ ചേർക്കൽ, നീക്കം ചെയ്യൽ തുടങ്ങിയ സുപ്രധാന നടപടികളിൽ തങ്ങളെ പൂർണ്ണമായി ഇരുട്ടിൽ നിർത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം പരാതിപ്പെട്ടുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് അന്വേഷണത്തിൽ വ്യക്തമായത്. പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായുള്ള ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ഇരുവരും തുറന്നടിച്ചു.
സംഭവത്തിൽ, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി അടക്കം പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും പങ്കുചേരണമെന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും അഭ്യർത്ഥന നടത്തിയിരുന്നു.
അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഒത്തുകൂടിയ എ.ഐ.എസ്.എ നേതാക്കളായ നേഹ ബോറ, യോഗേന്ദ്ര യാദവ്, അഞ്ജലി ഭരദ്വാജ്, ദീപങ്കർ ഭട്ടാചാര്യ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിന് അനുമതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസിന്റെ നടപടി. പ്രതിഷേധം തടഞ്ഞതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയാണ്.
അതിനിടെ, ഗുവാഹത്തിയിൽ നടന്ന പ്രതിഷേധത്തിനിടെ അസം കോൺഗ്രസ് മേധാവി ഗൗരവ് ഗൊഗോയി അടക്കമുള്ള പാർട്ടി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.