Image

ഓണം ബമ്പർ നറുക്കെടുപ്പ് നാളെ: ലോട്ടറിയടിച്ചത് സര്‍ക്കാരിന്; അച്ചടിച്ച ടിക്കറ്റുകളെല്ലാം വിറ്റു, ചരിത്രത്തിലാദ്യം

Published on 25 September, 2026
  ഓണം ബമ്പർ നറുക്കെടുപ്പ് നാളെ: ലോട്ടറിയടിച്ചത് സര്‍ക്കാരിന്; അച്ചടിച്ച ടിക്കറ്റുകളെല്ലാം വിറ്റു, ചരിത്രത്തിലാദ്യം

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലാദ്യമായി അച്ചടിച്ച ഓണം ബമ്പർ ടിക്കറ്റുകളെല്ലാം വിറ്റുപോയി. 90 ലക്ഷം ഓണം ബമ്പറാണ് അച്ചടിച്ചിരുന്നത്. കഴിഞ്ഞ വർഷം 75 ലക്ഷവും 2024-ൽ 71.50 ലക്ഷവുമായിരുന്നു വിറ്റ ടിക്കറ്റുകളുടെ എണ്ണം. 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ടിക്കറ്റാണ് നറുക്കെടുപ്പിന് ഒരു ദിവസം ബാക്കിനിൽക്കെ മുഴുവനും തീർന്നത്.

ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. 20 ലക്ഷത്തോളം ടിക്കറ്റുകൾ പാലക്കാട് വിറ്റുപോയി. തൃശൂർ ജില്ല രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും കുറവ് ഭാഗ്യക്കുറി വിൽപ്പന നടന്നത് കാസർകോട് ജില്ലയിലാണ്. നാളെയാണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. 90 ലക്ഷം ടിക്കറ്റുകൾ വിൽപ്പന നടത്തിയതിലൂടെ 450 കോടി രൂപയുടെ വിറ്റുവരവാണ് ആകെയുണ്ടായത്. ഏജന്റുമാർ ലോട്ടറി കാര്യാലയത്തിൽ അടയ്ക്കുന്ന തുക ടിക്കറ്റൊന്നിന് 411 രൂപയാണ്.

ജി എസ് ടി ഉൾപ്പെടെയാണിത്. ഏജൻസി കമ്മീഷനും ജി എസ് ടിയും കഴിച്ച് ഒരു ടിക്കറ്റിന് സർക്കാരിന് കിട്ടുന്നത് ഏകദേശം 268 രൂപയാണ്. ഈ കണക്കനുസരിച്ച് 90 ലക്ഷം ടിക്കറ്റുകൾക്ക് സർക്കാർ ഖജനാവിലെത്തിയത് 241.20 കോടിയിലധികം രൂപയാണ്. ഇതിൽ 125.54 കോടി രൂപ സമ്മാന ഇനത്തിൽ നൽകണം. 90 ലക്ഷം ടിക്കറ്റുകൾക്ക് ജി എസ് ടി ഇനത്തിൽ ലഭിക്കുന്നത് 128.52 കോടി രൂപയാണ്. ഇതിൻ്റെ പാതി സ്വാഭാവികമായും കേരളത്തിന് കിട്ടും.

ഒന്നാം സമ്മാനത്തിൻ്റെ തുകയിലുൾപ്പെടെ ലഭിക്കുന്ന നികുതി അല്ലാതെ കിട്ടും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്ന പാലക്കാട് ബുധനാഴ്ച തന്നെ ടിക്കറ്റുകൾ കിട്ടാനില്ലായിരുന്നു. ടിക്കറ്റുകൾ കിട്ടാനില്ലെന്നത് പ്രചരിച്ചതോടെ മൊത്തവിതരണക്കാർ ജില്ലകൾ മാറിയെത്തി വാങ്ങിക്കൂട്ടാനുള്ള ശ്രമത്തിലായിരുന്നു. ടിക്കറ്റുകൾ ബാക്കിയുള്ള ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലുമെത്തി കച്ചവടക്കാർ ടിക്കറ്റുകൾ വാങ്ങിയതോടെ വിൽപ്പന പൂർണമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക