
ചേര്‍ത്തല : കടലിനെ കൂടാതെയുള്ള വികസനം ആലപ്പുഴക്ക് സാധ്യമല്ലെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍. കടലും കരയും ഒരുപോലെ ഉപയോഗപ്പെടുത്തണമെന്ന സന്ദേശം ആണ് ഈ കാലഘട്ടത്തിലുള്ളത്. ഏതു വികസനം കൊണ്ടുവരുമ്പോഴും സാധാരണക്കാരന്റെ ജീവിതത്തെ ദോഷമായി ബാധിക്കാതെ കൊണ്ടുവരണമെന്ന പൊതു തത്വത്തോട് യോജിക്കുന്നു. കടലില്‍ നിന്നുള്ള മത്സ്യ സമ്പത്ത് മാത്രമല്ല, ചരക്കു കൈമാറ്റം ഉള്‍പ്പെടെ ഏതു സാഹചര്യവും പരിഗണിക്കണം. മുഖ്യമന്ത്രി വി. ഡി സതീശന്‍ വിഭാവനം ചെയ്യുന്ന മിഷന്‍ സമുദ്ര എന്ന പദ്ധതിയുമായി യോജിച്ചു പോകുന്നതാണ് ബ്ലു ഇക്കോണമി എന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ വേമ്പനാട് ഡയലോഗ് 2026 എന്ന പേരില്‍ നടക്കുന്ന ബ്ലൂ ഇക്കോണമി ദ്വിദിന സിംപോസിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
സമുദ്ര ഉത്പന്നങ്ങളുടെ ഫലപ്രദവും സുസ്ഥിരവുമായ ഉപയോഗത്തിലൂടെ സാമ്പത്തിക വളര്‍ച്ചക്കും തൊഴില്‍ സാധ്യതകള്‍ക്കും വലിയ പങ്കുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അഭിപ്രായപ്പെട്ടു. എറണാകുളം അങ്കമാലി മേജര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റോ ചേരാന്തുരുത്തി അധ്യക്ഷത വഹിച്ചു. പി. പ്രസാദ് എംഎല്‍ എ, കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രിന്‍സിപ്പലും ആയ ഫാ. ഡോ. ബെന്നി ജോണ്‍ മാരാംപറമ്പില്‍, മുട്ടം സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, കൗണ്‍സിലര്‍ ഷൈനത എം. സി, കോളേജ് ഡീന്‍ ഡോ. അജയ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ ബ്ലു ഇക്കോണമിയെ ആസ്പദമാക്കിയുള്ള ഗവേഷണ പ്രബന്ധങ്ങളുടെ സംഗ്രഹം ഉള്‍പ്പെടുത്തിയ 'ബുക്ക് ഓഫ് അബ്‌സ്ട്രാക്ട്‌സ് ' പ്രകാശനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് വിവിധ മേഖലകളില്‍ നിന്നുള്ള ഗവേഷകരുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്കാളിത്തത്തോടെ ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ആശയങ്ങളും ഗവേഷണ സാധ്യതകളും അവതരിപ്പിച്ചു.
ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനം ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും.