Image

എ.എ. റഹീമിനെ വലിച്ചിഴച്ച് പോലീസ്; ഡല്‍ഹിയില്‍ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം, നേതാക്കള്‍ കസ്റ്റഡിയില്‍

Published on 25 September, 2026
 എ.എ. റഹീമിനെ വലിച്ചിഴച്ച് പോലീസ്; ഡല്‍ഹിയില്‍ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം, നേതാക്കള്‍ കസ്റ്റഡിയില്‍

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. സംഘടനകള്‍ സംഘടിപ്പിച്ച പ്രക്ഷോഭ മാര്‍ച്ചില്‍ പോലീസും പ്രതിഷേധക്കാരും  തമ്മില്‍ സംഘര്‍ഷം. പ്രതിഷേധത്തില്‍ പങ്കെടുത്ത എ.എ. റഹീം എം.പി.യെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴയ്ക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എസ്.എഫ്.ഐ., അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളേയും യുവജനങ്ങളേയും പ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്ക് ഡല്‍ഹിയിലെ പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും കമ്മിഷന്റെ നടപടികള്‍ക്കുമെതിരേയും ജനാധിപത്യ സംരക്ഷണം ആവശ്യപ്പെട്ടുമായിരുന്നു സമരം. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ, താന്‍ പാര്‍ലമെന്റംഗമാണെന്നും സമാധാനപരമായ രീതിയിലാണ് പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയതെങ്കിലും പോലീസ് അത് കണക്കിലെടുത്തില്ല.

നേരത്തേ ജന്തര്‍മന്ദറില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് സമരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്ക് വ്യാപിപ്പിച്ചത്.  വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് മുന്‍പില്ലാത്ത വിധത്തിലുള്ള വലിയ സുരക്ഷാ സജ്ജീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക