
കൊച്ചി: മുഖ്യമന്ത്രിയുടെ വിമാനയാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന്റെ ഉടമ തന്റെ നിയോജക മണ്ഡലത്തിലുള്ള ആളാണെന്നും അടുത്ത ബന്ധമുള്ള വ്യക്തിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ കുടുംബത്തിന്റെ ചടങ്ങുകളില്‍ താന്‍ പതിവായി പങ്കെടുക്കാറുണ്ടെന്നും മുഖ്യമന്ത്രി അപരിചിതരായ ആരുടെയും സഹായമല്ല സ്വീകരിച്ചതെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് വിമാനത്തിന്റെ ഉടമയെന്നും തനിക്ക് വോട്ടു ചെയ്യുന്ന കുടുംബമാണതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാണിച്ചു. വോട്ടര്‍മാരും സുഹൃത്തുക്കളുമായ ഒരു കുടുംബത്തില്‍നിന്ന് താല്‍ക്കാലികമായി ലഭിച്ച സഹായത്തില്‍ അദ്ഭുതപ്പെടാനൊന്നുമില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ളതാണ് വിമാനം. അല്ലാതെ ഏതെങ്കിലും അപരിചിതന്റെ കൂപ്പറില്‍ കയറിപ്പോയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറിയ തര്‍ക്കങ്ങളിലും വിഷയങ്ങളിലും സമയം കളയാതെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. ഓരോ ഘട്ടത്തിലെയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക്, കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ഇത്തരം യാത്രകള്‍ നടത്താന്‍ കഴിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.