
പത്തനംതിട്ട: കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് മുട്ടില്‍ മരംമുറി കേസെന്നും കഴിഞ്ഞ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നും വനംമന്ത്രി ഷിബു ബേബി ജോണ്‍. കേസുമായി ബന്ധപ്പെട്ട് തള്ളിയ കുറ്റപത്രത്തിന്റെ നിജസ്ഥിതി പരിശോധിച്ചതായും അതില്‍ ചില പിശകുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.
ഈ വീഴ്ചകള്‍ ബോധപൂര്‍വമായിരുന്നോയെന്ന് വിശദമായി അന്വേഷിക്കുമെന്നും ഇതുസംബന്ധിച്ച് വനംവകുപ്പ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിലമതിക്കാനാവാത്ത ഈട്ടിമരങ്ങളാണ് മുട്ടില്‍ മുറിച്ചു മാറ്റിയത്. ഇതില്‍ 108 ഈട്ടി മരങ്ങള്‍ വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതില്‍ ഒമ്പത് മരങ്ങള്‍ മുറിച്ചത് പട്ടയഭൂമിയില്‍ നിന്നല്ലെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഇത്തരം കൊള്ളകള്‍ കാരണം യഥാര്‍ത്ഥ കര്‍ഷകരാണ് ദുരിതത്തിലായത്.
മുട്ടില്‍ കേസ് പൂര്‍ണമായും പൊളിഞ്ഞുപോയിട്ടില്ലെന്നും ബാക്കി കുറ്റപത്രങ്ങള്‍ ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായ റവന്യൂ ഉത്തരവ് ഇറങ്ങാന്‍ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തും. മുട്ടില്‍ മരംമുറി കേസ് പുറത്തുകൊണ്ടുവരാന്‍ ധൈര്യം കാണിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.