Image

പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം അഴുകി; പുതിയ ഫ്രീസറുകള്‍ വാങ്ങാന്‍ നിര്‍ദേശം

Published on 25 September, 2026
 പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം അഴുകി; പുതിയ ഫ്രീസറുകള്‍ വാങ്ങാന്‍ നിര്‍ദേശം

 

കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയ സംഭവത്തില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

പറവൂര്‍ പരുവതുരുത്ത് സ്വദേശിനി ജെസി പൈലിയുടെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനുശേഷം അഴുകിയ നിലയില്‍ കണ്ടെത്തിയത്. 16 മണിക്കൂര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തപ്പോഴാണ് അഴുകിയതായി കണ്ടത്. തുടര്‍ന്ന് ജെസിയുടെ മകന്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം, മൃതദേഹം സൂക്ഷിച്ചതില്‍ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താലൂക്ക് ആശുപത്രിയിലെ നിലവിലുണ്ടായിരുന്ന ഫ്രീസറുകള്‍ക്ക് കാലപ്പഴക്കമുണ്ടായിരുന്നുവെന്ന വിവരം ആരോഗ്യമന്ത്രിക്കും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഈ മൃതദേഹം സൂക്ഷിച്ചിരുന്നത് തകരാറുകളില്ലാത്ത മൊബൈല്‍ ഫ്രീസറിലാണെന്നും പോസ്റ്റ്മോര്‍ട്ടത്തിനായി എടുത്തപ്പോള്‍ താപനില -3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു എന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക