Image

ഡെമോക്രാറ്റുകൾക്കു റിപ്പബ്ലിക്കൻ പാർട്ടിയുടെ മേൽ 11 പോയിന്റ് ലീഡ് ഉണ്ടെന്നു പോൾ

ഏബ്രഹാം തോമസ് Published on 25 September, 2026
ഡെമോക്രാറ്റുകൾക്കു റിപ്പബ്ലിക്കൻ പാർട്ടിയുടെ മേൽ 11 പോയിന്റ് ലീഡ് ഉണ്ടെന്നു പോൾ

വാഷിംഗ്ടൺ: ഇടക്കാല തിരഞ്ഞെടുപ്പിന് 38 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പുറത്തു വന്ന എമേഴ്സൺ കോളേജിന്റെ ജനറിക് കോൺഗ്രഷണൽ ബാലറ്റ് ഫലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ഡെമോക്രറ്റിക് പാർട്ടിക്ക് 11 പോയിന്റ് പിന്നിലാണെന്ന് കണ്ടെത്തി.
വോട്ടു ചെയ്യാൻ സാധ്യതയുള്ള ഒരായിരം പേർക്കിടയിൽ ഈ ആഴ്ച നടത്തിയ സർവ്വേ ഫലം ഈ 24 നാണു പുറത്തു വിട്ടത്. 

ഡെമോക്രാറ്റുകളെ പിന്തുണച്ചു 53% പേരും റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ചു 42% പേരും തങ്ങളുടെ താല്പര്യം വ്യക്തമാക്കി. ഈ സർവേ ഫലത്തിലും 3% തെറ്റുണ്ടാകാമെന്നു ഫലം പുറത്തു വിട്ടു സംഘാടകർ പറഞ്ഞു. 
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി റെക്കോർഡിട്ടു താണ നിലവാരം പുലർത്തുന്ന പശ്ചാത്തലത്തിലാണ് ഈ സർവേ നടത്തിയത്.

പ്രസിഡന്റിന്റെ ജനപ്രീതി ഏറ്റവും കുറയാൻ  പ്രധാന കാരണങ്ങളായി പറയുന്നത് മോശം സാമ്പത്തികാവസ്ഥ, നിത്യേന ഉയരുന്ന ഗ്യാസ് വില, അനിശ്ചിതമായി തുടരുന്ന യുഎസ്-ഇറാൻ യുദ്ധം, അവശ്യ സാധനങ്ങൾക്ക് ദിനം പ്രതി ഉയരുന്ന വില എന്നിവയാണ്. ഇത് മുതലെടുത്തു റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇപ്പോൾ ഭൂരിപക്ഷം ഉള്ള സെനറ്റും ജന പ്രതിനിധി സഭയും പിടിച്ചെടുക്കാൻ ഉള്ള തീവ്ര ശ്രമത്തിലാണ് ഡെമോക്രറ്റിക് പാർട്ടി. തിരഞ്ഞെടുപ്പു പ്രചാരണത്തിന് റെക്കോർഡ് ലെവലിൽ ധനശേഖരണം നടത്തുവാൻ കഴിഞ്ഞത് അവർക്കു കൂടുതൽ ആത്മ വിശ്വാസം നൽകുന്നു.
'ജനറിക് പോളുകൾ' ഓരോ നിയോജക മണ്ഡലങ്ങളിലും നടക്കുന്ന മത്സരങ്ങളുടെ വ്യക്തമായ ചിത്രം നൽകുകയില്ല. അതൊരു യഥാർത്ഥ അളവ് കോലല്ല. 

ടെക്സസിന്റെ പിഴവ് 

ഡിപ്പാർട്മെൻറ് ഓഫ് പബ്ലിക് സേഫ്റ്റി (ഡി പി എസ് ) ക്കു ലഭിച്ച വോട്ടർ റെജിസ്ട്രേഷന്റെ ആയിരകണക്കിന് ആപ്പ്ളിക്കേഷനുകൾ നടപടികൾ പൂർത്തിയാക്കുവാൻ ഡാലസ് കൗണ്ടി അധികാരികൾക്ക് അയച്ചു കൊടുക്കുന്നതിൽ ടെക്സസ് എലെക്ഷൻ അധികാരികൾക്ക് വീഴ്ച പറ്റി എന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു.
ഇലക്ട്രോണിക് സംവിധാനത്തിൽ അപേക്ഷകൾ അയച്ചപ്പോൾ ഏതോ കീ തെറ്റി അമർത്തിയതായിരിക്കാം എന്ന സംശയമാണ് അധികാരികൾ പറയുന്നത്. 

ഇത് തിരുത്തി വീണ്ടും ട്രാൻസ്മിറ്റ് ചെയ്യുവാൻ ഏർലി വോട്ടിംഗ് നടക്കുന്ന ഒക്ടോബര് 19നും യഥാർത്ഥ പോളിംഗ് നടക്കുന്ന നവംബർ 3 മൂന്നിനും അകം കഴിയുമോ എന്ന കാര്യത്തിൽ അധികൃതർ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ ഈ സെപ്റ്റംബർ വരെ ലഭിച്ച വോട്ടർ റെജിസ്ട്രേഷൻ അപേക്ഷകൾ പ്രോസസ്സ് ചെയ്യുമ്പോഴാണ് പിഴവ് ഉണ്ടായത് എന്നാണ് വെളിപ്പെടുത്തൽ. മെയിൽ ബാലറ്റ് ആപ്ലിക്കേഷന് വേണ്ടി വരുന്ന ഫോമുകൾ പ്രോസസ്സ് ചെയ്തു സമയ ബന്ധിതമായി വോട്ടർമാർക്ക് ബാലറ്റുകൾ അയച്ചു കൊടുക്കുന്നതിൽ വീഴ്ച ഉണ്ടാകുന്നതായി ഇതിനു മുൻപ് തന്നെ പരാതികൾ ഉയർന്നിരുന്നു. 

ഡി പി എസ് ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ പേരുകൾ ചിലപ്പോൾ റോളുകളിൽ കണ്ടില്ലെന്നു വരാം. ഇവർക്കു പ്രൊവിഷണൽ ബാലറ്റുകളിലൂടെ വോട്ടു ചെയ്യാനാവും എന്ന് ടെക്സസ് അസോസിയേഷൻ ഓഫ് കൗണ്ടി എലെക്ഷൻ ഒഫീഷ്യൽസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ് മക്ഗിൻ പറഞ്ഞു. എന്നാൽ ഏർലി വോട്ടിംഗ് ആരംഭിക്കുന്ന ഒക്ടോബർ 19 നും റെഗുലർ പോളിംഗ് നടക്കുന്ന നവംബർ 3 നും മുൻപ് തെറ്റ് തിരുത്തി റെജിസ്ട്രേഷൻ ഫോമുകൾ അർഹരായ വോട്ടർമാരുടെ പേരുകളിൽ എത്തിക്കുക എന്ന വലിയ ജോലി ഭാരമാണ് ജീവനക്കാരിൽ ചുമത്തിയിരിക്കുന്നതെന്നു മക്ഗിൻ കൂട്ടിച്ചേർത്തു. 

ഡാലസ് കൗണ്ടി എലെക്ഷൻ അഡ്മിനിസ്ട്രേറ്റർ പോൾ ആഡംസുമായി ബന്ധപ്പെടാൻ ശ്രമിച്ചവർ പലരും പരാജയപ്പെടുന്നു എന്ന് ആരോപണമുണ്ട്.
Democrats have big lead in new poll 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക