
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി. അഡ്വ. കെ എം ഷാജഹാനാണ് വി ഡി സതീശനെതിരെ ലോകായുക്തയെ സമീപിച്ചത്. വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കെ എം ഷാജഹാന്‍ പരാതിയില്‍ പറഞ്ഞു. സതീശനെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.
ഹെലികോപ്റ്ററിന്റെ കരാര്‍ നീട്ടാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നുവെന്നും ഇതിനിടെയാണ് വിമാന യാത്രയെന്നും പരാതിയില്‍ പറഞ്ഞു. വിമാനച്ചെലവും സര്‍ക്കാര്‍ തീരുമാനവും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിക്കോ ഓഫീസിനോ ചിപ്സണ്‍ ചെലവ് വഹിക്കുന്ന വിവരം അറിയാമായിരുന്നോ എന്നും പരിശോധിക്കണം. സര്‍ക്കാര്‍ ഫയലുകളും ഇന്‍വോയ്സും പണമിടപാട് രേഖകളും വിളിച്ചുവരുത്തണമെന്ന ആവശ്യവും കെ എം ഷാജഹാന്‍ ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ സതീശന്‍ യോഗ്യനല്ലെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും കെ എം ഷാജഹാന്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-ാം തീയതിയായിരുന്നു വി ഡി സതീശന്റെ വിവാദ മലപ്പുറം ഫ്ളൈറ്റ് യാത്ര. മലപ്പുറത്തുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു മുഖ്യമന്ത്രി യാത്ര നടത്തിയത്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്‍ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്‍ട്ടേഡ് ഫ്ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്‌പോണ്‍സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീശദീകരണം വന്നതോടെ ആ സ്‌പോണ്‍സര്‍ ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനമുന്നയിച്ച് മുന്‍ മന്ത്രി പി രാജീവ്, എം വിജിന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.
ഇതിന് പിന്നാലെ വിശദീകരണവുമായി വി ഡി സതീശന്‍ തന്നെ രംഗത്തുവന്നിരുന്നു. വിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരനാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പേര് വലിച്ചിഴയ്ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേപ്പറ്റി പലഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് ചോദ്യം ഉന്നയിച്ചെങ്കിലും സ്പോണ്‍സര്‍ ആരാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.