Image

പരിസ്ഥിതി ലോല മേഖല: ജനങ്ങളുടെ ആശങ്കയകറ്റാൻ മുഖ്യമന്ത്രി ഇടപെടുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി

Published on 24 September, 2026
പരിസ്ഥിതി ലോല മേഖല: ജനങ്ങളുടെ ആശങ്കയകറ്റാൻ മുഖ്യമന്ത്രി ഇടപെടുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി

വയനാട്: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ കരട് വിജ്ഞാപനം ജനങ്ങളിൽ കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഇടപെടുന്നുണ്ടെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി.

ചില ഗ്രാമങ്ങൾ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് വ്യക്തമായ ധാരണയുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും അവർ കൂട്ടിച്ചേർത്തു.

പരിസ്ഥിതി ലോല മേഖലയുടെ പരിധി സംബന്ധിച്ച ആശങ്കകൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ജനങ്ങളുടെ ജീവിതമാർഗവും വാസസ്ഥലങ്ങളും സംരക്ഷിക്കുകയാണ് പ്രധാനം. പ്രദേശത്ത് ജീവിക്കുന്ന ആളുകളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ടെന്ന നിലപാടാണ് അവർ മുന്നോട്ടുവച്ചത്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്രത്തിൻ്റെ പുതിയ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 131 ഗ്രാമങ്ങൾ ഇതിൻ്റെ പരിധിയിൽ വരുന്നതായാണ് റിപ്പോർട്ടുകൾ. ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുന്നിൽ ഉന്നയിക്കുന്നത്. കരട് വിജ്ഞാപനത്തിൽ അഭിപ്രായങ്ങളും എതിർപ്പുകളും സമർപ്പിക്കാനുള്ള സമയം അവസാനിക്കുകയാണ്. കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ആറാമത്തെ കരട് വിജ്ഞാപനമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക