
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ ചാർട്ടേഡ് വിമാനയാത്രയ്ക്ക് പിന്നാലെ വിശദീകരണവുമായി ചിപ്സൺ ഏവിയേഷൻ. സംസ്ഥാന സർക്കാരുമായുള്ള ഹെലികോപ്റ്റർ കരാർ പുതുക്കാൻ കമ്പനിക്ക് താൽപര്യമില്ലെന്നും കരാർ നേടുന്നതിനായി വഴിവിട്ട നീക്കങ്ങൾ നടത്തിയിട്ടില്ലെന്നും ചിപ്സൺ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. നിലവിലെ കരാർ കമ്പനിക്ക് ലാഭകരമല്ലെന്നും അധികൃതർ പറഞ്ഞു.
സെപ്റ്റംബർ 21ന് മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്രയാണ് വിവാദമായത്. യാത്രയ്ക്ക് സർക്കാർ ഖജനാവിൽനിന്ന് പണം ചെലവായിട്ടില്ലെന്നും ഒരു പരിചയക്കാരാണ് വിമാനം ഏർപ്പെടുത്തിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ, യാത്രയുടെ സ്പോൺസർ ആരാണെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
പിന്നാലെ പുറത്തുവന്ന രേഖകൾ പ്രകാരം മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി 19,88,595 രൂപയാണ് ചിപ്സൺ ഏവിയേഷൻ ചെലവഴിച്ചത് എന്ന് വ്യക്തമാണ്. ജിഎസ്ടി ഉൾപ്പെടെയുള്ള ഈ തുക കേളചന്ദ്ര ഗ്രൂപ്പിന്റെ വിമാനത്തിനായി ചിപ്സൺ ഏവിയേഷൻ നൽകിയതായാണ് ഇൻവോയ്സ് രേഖകൾ വ്യക്തമാക്കുന്നത്. കർണാടക കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജിന്റെ കുടുംബവുമായി ബന്ധപ്പെട്ട കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് മുഖ്യമന്ത്രി യാത്രയ്ക്കായി ഉപയോഗിച്ചത്.
സംസ്ഥാന സർക്കാരുമായി കഴിഞ്ഞ മൂന്ന് വർഷമായി ഹെലികോപ്റ്റർ സേവനത്തിനുള്ള കരാർ ചിപ്സൺ ഏവിയേഷനുണ്ടായിരുന്നു. സെപ്റ്റംബർ 19ന് ഈ കരാർ അവസാനിച്ചു. നേരത്തെ പ്രതിമാസം 80 ലക്ഷം രൂപയായിരുന്നു കരാർ തുക. കരാർ പുതുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവി സർക്കാരിന് കത്ത് നൽകിയിരുന്നെങ്കിലും പുതിയ കരാറിൽ ഇതുവരെ തീരുമാനമായിട്ടില്ല.
ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്ക് ചിപ്സൺ ഏവിയേഷൻ പണം നൽകിയെന്ന രേഖകൾ പുറത്തുവന്നത്.