
തൃശൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ യാതൊരുവിധ മരുന്ന് ക്ഷാമവുമില്ലെന്ന് മന്ത്രി കെ. മുരളീധരൻ. നിലവിൽ 657 ഇനം ജീവൻരക്ഷാ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വ്യാജപ്രചാരണങ്ങൾ നടത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചിലരുടെ അസൂയക്കും കഷണ്ടിക്കും മാത്രമാണ് നിലവിൽ മരുന്നില്ലാത്തതെന്നും ബ്ലാക്ക് സ്റ്റോൺ ഏജന്റുമാരെപ്പോലെയാണ് ചില ആളുകൾ ആരോഗ്യ മേഖലയ്ക്കെതിരെ കുപ്രചാരണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് വിമാനയാത്ര സംബന്ധിച്ച വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക യാത്രാരീതികളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പഴയ കരിവണ്ടികൾ മാറി നാട്ടിൽ വന്ദേഭാരത് ട്രെയിനുകൾ വന്നതുപോലെയുള്ള മാറ്റമാണിത്. മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയനും ഇതേ കമ്പനിയുടെ വിമാനം ഉപയോഗിച്ചിട്ടുണ്ട്. യാത്ര സ്പോൺസർ ചെയ്തത് ആരാണെന്ന കാര്യം മാധ്യമങ്ങൾക്ക് നന്നായി അറിയാമെന്നും മുഖ്യമന്ത്രി തന്നെ അത് കൃത്യസമയത്ത് വെളിപ്പെടുത്തിക്കൊള്ളുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം തനിക്ക് ഇപ്പോൾ അത്തരമൊരു സ്വകാര്യ വിമാനയാത്ര നടത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.