
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി ബിജെപി ചെലവഴിച്ചത് 529 കോടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട്. അസം, തമിഴ്‌നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലായാണ് 529.38 കോടി രൂപ ചെലവഴിച്ചത്.
ചെലവുകളുടെ വിശദമായ കണക്കുകൾ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു. ഇതിൽ പകുതിയിലധികം തുകയും അതായത് 286 കോടി രൂപയിലേറെ ബംഗാളിൽ മാത്രമാണ് പാർട്ടി ചെലവഴിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പൂർത്തിയാകുന്നത് വരെയുള്ള കാലയളവിലെ കണക്കുകളാണ് പാർട്ടി കമ്മീഷന് മുമ്പിൽ സമർപ്പിച്ചിരിക്കുന്നത്. മാർച്ച് മുതൽ മെയ് വരെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിൽ മാത്രം 286.99 കോടി രൂപയാണ് ചെലവ്. ഇതിൽ 217.16 കോടി രൂപ പൊതുവായ പാർട്ടി പ്രചാരണങ്ങൾക്കും, 69.83 കോടി രൂപ സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട ചെലവുകൾക്കുമാണ് വിനിയോഗിച്ചത്.
താര പ്രചാരകരുടെ യാത്രാ ചെലവിനായി 51.50 കോടി രൂപയും, പൊതു പാർട്ടി പ്രചാരണത്തിനായുള്ള മാധ്യമ പരസ്യങ്ങൾക്കായി 55.76 കോടി രൂപയും ചെലവഴിച്ചതായി റിപ്പോർട്ടുണ്ട്. മുതിർന്ന ബിജെപി നേതാക്കളും പ്രചാരകരും ഉൾപ്പെടുന്ന വിമാന, ഹെലികോപ്റ്റർ യാത്രകളും ഇതിൽ ഉൾപ്പെടുന്നു.