
ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ അസാധാരണ ഭിന്നതകളെക്കുറിച്ച് വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർണ്ണമായും തകർക്കപ്പെട്ട നിലയിലാണെന്നും നിലവിലെ നിയമങ്ങൾ തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ, കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ ക്ലിപ്പുകൾ കാണിച്ചുകൊണ്ടായിരുന്നു രാഹുൽ പ്രസംഗം ആരംഭിച്ചത്. അതിൽ ബിജെപി ദീർഘകാലം അധികാരത്തിൽ തുടരുമെന്ന് നേതാക്കൾ പറയുന്നുണ്ട്.
താൻ വരുന്നത് ഒരു രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണെന്നും ഒരു രാഷ്ട്രീയ നേതാവിനും ഇത്തരമൊരു അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ലെന്നും ബിജെപിയുടെ ഭരണ തുടർച്ചാ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞു. "ഇന്ത്യയിൽ ഭരണവിരുദ്ധ വികാരം എന്നൊരു ശക്തമായ ഘടകമുണ്ട്... അത് ആരെയും വെറുതെ വിടാറില്ല. ഇന്ദിരാഗാന്ധി ബംഗ്ലാദേശ് യുദ്ധം വിജയിപ്പിച്ചു നൽകിയതാണ്. എന്നാൽ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തന്നെ വലിയ ഭരണവിരുദ്ധ വികാരം അവർക്ക് നേരിടേണ്ടി വന്നു... രാജ്യത്തെ ഒട്ടുമിക്ക നേതാക്കളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചിട്ടുള്ളത്. എന്നാൽ ഏതോ ചില കാരണങ്ങളാൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും മാത്രം ഇത് ബാധകമാകുന്നില്ല," രാഹുൽ ചൂണ്ടിക്കാട്ടി.