
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട പ്രമേയം അവതരിപ്പിക്കുന്നതിനായി പാർലമെൻ്റിൻ്റെ ഇരുസഭകളിലും നോട്ടീസ് നൽകാൻ പ്രതിപക്ഷ പാർട്ടികൾ. ഇന്ത്യ സഖ്യത്തിലെ കക്ഷികൾ സംയുക്തമായാണ് ഇതിനുള്ള നീക്കങ്ങൾ നടത്തുന്നത്. വരും ദിവസങ്ങളിൽ തന്നെ ലോക്‌സഭയിലും രാജ്യസഭയിലും ഇതിനായുള്ള പ്രമേയം സമർപ്പിച്ചേക്കും.
ഗ്യാനേഷ് കുമാറിനെ മാറ്റാൻ പ്രതിപക്ഷം നടത്തുന്ന മൂന്നാമത്തെ ശ്രമമാണിത്. ഇതിന് മുൻപ് നൽകിയ നോട്ടീസുകൾ തള്ളപ്പെട്ടിരുന്നു. നിലവിൽ ഏപ്രിൽ 24-ന് 73 പ്രതിപക്ഷ എം.പിമാർ ഒപ്പിട്ടു നൽകിയ നോട്ടീസ് രാജ്യസഭയുടെ പരിഗണനയിലാണ്. എന്നിരുന്നാലും, 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പുതിയൊരു നോട്ടീസ് കൂടി സമർപ്പിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം.
നോട്ടീസ് തയ്യാറാക്കിവരികയാണെന്നും, പാർലമെൻ്റിൻ്റെ ഇരുസഭകളിലും സമർപ്പിക്കുന്നതിന് മുമ്പ് നിയമവിദഗ്‌ധർ അത് പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. അടുത്ത ആഴ്‌ചയോടെയായിരിക്കും നോട്ടീസ് സമർപ്പിക്കുക എന്നും വൃത്തങ്ങൾ പറയുന്നു.പുതിയ നോട്ടീസിനായി ഇന്ത്യ ബ്ലോക്കിലെ സഖ്യകക്ഷികൾ ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ഇതൊരു കൂട്ടായ ശ്രമമാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി.