Image

കെ സുരേന്ദ്രന്‍, വി മുരളീധരന്‍, സി കെ പത്മനാഭന്‍, കെ പ്രകാശ്; ഷോണ്‍ ജോര്‍ജ് മറച്ചുവെച്ച സിഎംആര്‍എല്‍ മാസപ്പടി ഡയറിയിലെ ബിജെപി പേരുകള്‍

Published on 24 September, 2026
 കെ സുരേന്ദ്രന്‍, വി മുരളീധരന്‍, സി കെ പത്മനാഭന്‍, കെ പ്രകാശ്; ഷോണ്‍ ജോര്‍ജ്   മറച്ചുവെച്ച  സിഎംആര്‍എല്‍ മാസപ്പടി ഡയറിയിലെ  ബിജെപി പേരുകള്‍

മുഖ്യമന്ത്രി വി ഡി സതീശന്‍ അടക്കം ഇടത് വലത് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ട സിഎംആര്‍എല്‍ മാസപ്പടി ഡയറിയിലെ രേഖകള്‍ ബിജെപിയ്ക്കും പൊല്ലാപ്പാകുന്നു. ബിജെപി നേതാക്കളുടെ പേരുകള്‍ മറച്ചാണ് ഷോണ്‍ ജോര്‍ജ് പേജ് പുറത്തുവിട്ടതെങ്കിലും ശശിധരന്‍ കര്‍ത്തയുടെ ഡയറി പേജുകളില്‍ പണം വാങ്ങിയ ബിജെപി നേതാക്കളുടെ പേരും തെളിഞ്ഞു നില്‍ക്കുന്നുണ്ട്. എസ്എഫ്‌ഐഒ കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പറയുന്ന രേഖകളിലെ ഡയറിപേജാണ് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടത്.

ഡയറിയിലെ ബിജെപി നേതാക്കളുടെ പേരുവിവരങ്ങള്‍ മറച്ചുവെച്ചാണ് ഷോണ്‍ ജോര്‍ജ് ലിസ്റ്റ് പുറത്തുവിട്ടത്. ലിസ്റ്റില്‍ ബിജെപി നേതാവ് വി. മുരളീധരന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ ബിജെപി അധ്യക്ഷന്‍മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവര്‍ക്കൊപ്പം സി കെ പത്മനാഭന്‍, കെ.പ്രകാശ് തുടങ്ങിയ ബിജെപി നേതാക്കള്‍ക്കും ആര്‍എസ്എസിനും ഹിന്ദു ഐക്യവേദിയ്ക്ക് വരെ പണം കൊടുത്തതായി കര്‍ത്തയുടെ ഡയറിയിലുണ്ട്.

രാഷ്ട്രീയക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമസ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ക്ക് പണം നല്‍കിയതും ഡയറിയിലുണ്ട്. ഡയറിയില്‍ വി.ഡി സതീശന്റെ പേരിനോടൊപ്പം പിണറായി വിജയന്‍, രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍, കെ. മുരളീധരന്‍, ജി. സുധാകരന്‍, എസ്. ശര്‍മ്മ, പന്ന്യന്‍ രവീന്ദ്രന്‍, കെ. ചന്ദ്രന്‍പിള്ള, പി. രാജീവ് അടക്കം നിരവധി ഇടത് വലത് നേതാക്കളുടെ പേരുകളും ഇടംപിടിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ച ഷോണ്‍ ജോര്‍ജ് പക്ഷേ സ്വന്തം പാര്‍ട്ടി നേതാക്കളുടെ പേര് മറച്ചുവെയ്ക്കുകയായിരുന്നു.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് വിവാദ കമ്പനിയുടെ എംഡിയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയുടെ പേജ് എന്ന പേരില്‍ ഫേസ്ബുക്കിലാണ് ഷോണ്‍ ജോര്‍ജ് രേഖ പങ്കുവെച്ചത്. ഡയറിയില്‍ പേരുള്ള മന്ത്രിമാര്‍ രാജിവെയ്ക്കണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. എല്ലാവര്‍ക്കും പണം നല്‍കിയത് കരിമണല്‍ ഖനനത്തിന് ഭീഷണി അടക്കം നേരിട്ട ഘട്ടത്തില്‍ എന്ന് കര്‍ത്ത ഇന്‍കം ടാക്‌സിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഷോണ്‍ ജോര്‍ജ് രേഖ പുറത്ത് വിട്ടതില്‍ ബിജെപിയില്‍ അതൃപ്തി ഉടലെടുത്തിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക