
മൂന്നു വാർത്താ മാധ്യമങ്ങൾ വ്യാജവാർത്തകൾ നൽകുന്നു എന്നാരോപിച്ചു അവയ്ക്കു പ്രസിഡന്റ് ട്രംപ് നിരോധനം ഏർപ്പെടുത്തിയത് ഭരണഘടനാപരമായി അസാധുവാകാം എന്നു ചൂണ്ടിക്കാട്ടി അവർക്കു വീണ്ടും പ്രവേശനം അനുവദിക്കണമെന്നു ഫെഡറൽ ജഡ്ജ് ഉത്തരവിട്ടു. സി എൻ എൻ, എം എസ് നൗ, പൊളിറ്റിക്കോ എന്നിവ നൽകിയ പരാതിയിൽ വാഷിംഗ്ടൺ യുഎസ് ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് തിമോത്തി ജെ. കെല്ലിയുടേതാണ് തീർപ്പ്.
മുൻകൂർ നോട്ടീസ് നൽകാതെയാണ് ട്രംപ് വിലക്ക് ഏർപെടുത്തിയതെന്ന മാധ്യമങ്ങളുടെ വാദം ജഡ്ജ് കണക്കിലെടുത്തു. ദേശരക്ഷ കണക്കിലെടുത്തു നിരോധനം ആവശ്യമാണെന്ന ട്രംപിന്റെ വാദം തള്ളിക്കളയുകയും ചെയ്തു.
റിപ്പോർട്ടർമാരുടെ പ്രസ് ബാഡ്ജുകൾ റദ്ദാക്കിയത് ഭരണഘടന ആവശ്യപ്പെടുന്ന പ്രക്രിയ പാലിച്ചല്ലെന്നു ജഡ്ജ് ചൂണ്ടിക്കാട്ടി. "ഭരണഘടന നൽകുന്ന അവകാശം എടുത്തു മാറ്റുമ്പോൾ വ്യക്തികൾക്കു നോട്ടീസ് ലഭിച്ചിരിക്കണം എന്നതാണ് പൊതുവായ നിയമം."
കെല്ലിയുടെ താത്കാലിക ഉത്തരവിനു 14 ദിവസത്തെ പ്രാബല്യമുണ്ട്. അതിനിടയിൽ ഭരണകൂടവും മാധ്യമങ്ങളും തമ്മിൽ സംസാരിച്ചു ഒരു തീരുമാനം ഉണ്ടാക്കാൻ നോക്കണം എന്നാണ് കെല്ലി ഉപദേശിച്ചത്. അതുകൊണ്ടു അപ്പീൽ സാധ്യത കാണുന്നില്ല.
Judge asks Trump to restore access to banned media