
തമിഴ്‌നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആര്‍ വീരമണി (84), 12നും15നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. ഇയാള്‍ ഉള്‍പ്പെട്ട പോക്സോ കേസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
സംഭവത്തിൽ വീരമണിയെയും സഹായികളായ മഹേന്ദ്ര സിംഹൻ, ഇയാളുടെ ഭാര്യ ശാന്തി എന്നിവരെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സന്നദ്ധപ്രവർത്തനങ്ങളുടെ മറവിലായിരുന്നു പീഡനം. ബംഗ്ലാവ് വളപ്പിൽ പന്തുകളിക്കുന്നതായി അഭിനയിച്ച് എറിയുന്ന പന്ത് എടുത്തുനൽകുന്ന കുട്ടികൾക്ക് ചോക്ലേറ്റ്, സ്പോർട്സ് ഷൂ, ഭക്ഷണം, മൊബൈൽ ഫോൺ എന്നിവ നൽകി ആകർഷിക്കുകയായിരുന്നു ഇയാളുടെ രീതി. തുടർന്ന് ഫോൺ നമ്പർ നൽകി കുട്ടികളുമായി ബന്ധം സ്ഥാപിക്കും. ഡ്രൈവറെ അയച്ച് ബംഗ്ലാവിലോ പോയസ് ഗാർഡനിലെ വാടക വീട്ടിലോ എത്തിച്ചായിരുന്നു പീഡനം. ഇരകൾക്ക് 2,000 മുതൽ 50,000 രൂപ വരെയും നൽകിയിരുന്നു. ചില കുട്ടികളെ ആഡംബര കാറുകളിൽ ഹോട്ടൽ പാർട്ടികളിലെത്തിച്ചും പീഡിപ്പിച്ചു. ശാന്തിയാണ് കുട്ടികളെ കണ്ടെത്തി എത്തിച്ചിരുന്നത്.
2025 ഒക്ടോബറിൽ 13-കാരി പീഡനത്തിനിരയാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പരാതി ഉയർന്നത്. എന്നാൽ തെളിവില്ലെന്ന് കാണിച്ച് പോക്സോ കോടതിയിൽ ഫെബ്രുവരിയിൽ പൊലീസ് റിപ്പോർട്ട് നൽകി. പൊലീസിന്റെ ഒത്തുകളിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. അന്വേഷണം ഒത്തുതീർപ്പാക്കാൻ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും വീരമണി 70 കോടി രൂപ നൽകിയതായും അന്വേഷണസംഘം കണ്ടെത്തി. സംഭവത്തിൽ ഡി.എം.കെ. ഭരണകൂടത്തിനെതിരെ ഭരണകക്ഷിയായ ടി.വി.കെ. കടുത്ത വിമർശനവുമായി രംഗത്തെത്തി.
നിലവിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നിർദേശപ്രകാരം സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സൗത്ത് അഡിഷനൽ കമ്മീഷണർ കെ.എസ്. നരേന്ദ്രൻ നായരുടെ നേതൃത്വത്തിലും, ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് സെൻട്രൽ ക്രൈംബ്രാഞ്ച് അഡിഷനൽ കമ്മീഷണർ പി.സി. തേന്മൊഴി, ഡപ്യൂട്ടി കമ്മിഷണർ വി.വി. ഗീതാഞ്ജലി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളുമാണ് കേസ് അന്വേഷിക്കുന്നത്.