
പശ്ചിമ ബംഗാളിൽ വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി മമത ബാനർജി. എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആവശ്യം ഉന്നയിച്ച് മമത രംഗത്തെത്തിയിരിക്കുന്നത്.
എസ്ഐആറിന് മുമ്പുള്ള വോട്ടർ പട്ടിക ഉപയോഗിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് മമത ബാനർജിയുടെ ആവശ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മമത ബാനർജി ഫേസ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിച്ചു.
കഴിഞ്ഞ 10 മാസത്തിനിടെ, എസ്ഐആർ അടക്കമുള്ള കമ്മീഷനിലെ നടപടികൾക്കെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരും 14 തവണ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു എന്ന റിപ്പോർട്ടിന് പിന്നാലെ ആണ് മമത ബാനർജി രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടിനോട് പ്രതികരിച്ച മമത ബാനർജി, ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും ബിജെപിയുടെ താൽപര്യത്തിന് വേണ്ടി പ്രവർത്തിച്ചുവെന്നും ആരോപിച്ചു.
പശ്ചിമ ബംഗാളിൽ പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് തുടരുംവരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉണ്ടാകും. ഗ്യാനേഷ് കുമാറിനെ ഉടനടി അറസ്റ്റ് ചെയ്ത് ജയിലിലടക്കണം മമത ബാനർജി പറഞ്ഞു