
ഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് കമ്മീഷണർമാരും തമ്മിൽ വൻ അഭിപ്രായവ്യത്യാസമെന്ന് റിപ്പോർട്ട്. എസ്.ഐ.ആർ നടപടികൾ, വോട്ടർപട്ടിക പരിഷ്കരണം, പുതിയ വോട്ടർ രജിസ്ട്രേഷൻ (ഫോം-6) മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം വിയോജിപ്പുകൾ ഉന്നയിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയാണ് ഇരുവരും വിയോജനക്കുറിപ്പുകൾ രേഖപ്പെടുത്തിയത്.
തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് പ്രധാന തീരുമാനങ്ങളിൽ പലതും കൈക്കൊള്ളുന്നതെന്നും കമ്മീഷണർമാരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് നടപ്പിലാക്കുന്ന പല നടപടികളും നിയമവിരുദ്ധമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടുന്നു. പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കലും പുനഃസ്ഥാപിക്കലും, ഇറോനെറ്റ് സോഫ്റ്റ്‌വെയറിലൂടെയുള്ള കേന്ദ്രീകൃത ഡാറ്റാ നിയന്ത്രണം എന്നിവയിലാണ് ഇവർ പ്രധാനമായും ആശങ്ക അറിയിച്ചത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും ക്യാബിനറ്റ് സെക്രട്ടറിമാർക്കും ഇരുവരും തങ്ങളുടെ വിയോജിപ്പ് കത്തുകൾ കൈമാറിയിട്ടുണ്ട്.
വോട്ടർ പട്ടിക കൈകാര്യം ചെയ്യുന്നതിനുള്ള ഐ.ടി. ചുമതലകളിൽ മാറ്റം വരുത്തിയ നടപടിക്കെതിരെ സന്ധുവും ജോഷിയും ക്യാബിനറ്റ് സെക്രട്ടറിക്ക് പ്രത്യേകം പരാതി നൽകി. മൂന്നംഗ കമ്മീഷനിൽ അന്തിമ തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലോ മാത്രമേ എടുക്കാവൂ എന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 324 വ്യക്തമാക്കുമ്പോൾ, തങ്ങളെ മറികടന്ന് കൈക്കൊള്ളുന്ന ഏകപക്ഷീയ തീരുമാനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് കമ്മീഷണർമാർ ആരോപിക്കുന്നു.