Image

കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത് ചിതയിൽ ദഹിപ്പിച്ച് അമ്മ

Published on 23 September, 2026
കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം തടിയിൽ കൊത്തിയെടുത്ത്  ചിതയിൽ ദഹിപ്പിച്ച് അമ്മ

 
തിരുവനന്തപുരം: കടലിൽ കാണാതായ മകൻ ഗൗതം കൃഷ്ണയുടെ  തടിയിൽ കൊത്തിയ രൂപം ചിതയിൽ ദഹിപ്പിച്ച് അമ്മ. കൊല്ലത്ത് കടലിൽ കാണാതായ ഗൗതമിൻ്റെ മൃതശരീരം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മകന് മോക്ഷം ലഭിക്കാൻ തടിയിൽ കൊത്തിയ രൂപം ദഹിപ്പിച്ചത്. നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയാണ് മകന്‍റെ ആത്മശാന്തിക്കായി കർമങ്ങൾ നടത്തിയത്.  നാളെ ബലികർമ്മം നടത്തുമെന്ന്  രേഷ്‌മ പറഞ്ഞു.

കടലിൽ കാണാതായ മകന്‍റെ മൃതദേഹത്തിനായി ഈ അമ്മ കാത്തിരിക്കാൻ തുടങ്ങിയിട്ട് 55 ദിവസമായി. അവസാനം മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമങ്ങൾ നടത്തുകയായിരുന്നു അമ്മ. മരത്തടിയിൽ മകന്‍റെ രൂപം കൊത്തിയെടുത്ത്, അത് ചിതയിൽ ദഹിപ്പിച്ചാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. മകൻ മടങ്ങിവരുമെന്ന പ്രതീക്ഷകൾ അവസാനിച്ചതോടെയാണ് അന്ത്യകർമങ്ങൾ ചെയ്യാൻ രേഷ്മ തീരുമാനിച്ചത്. വള്ളം മറിഞ്ഞ സമയത്തുതന്നെ കാര്യക്ഷമമായി തെരച്ചിൽ നടത്തിയിരുന്നെങ്കിൽ ഈയൊരു അവസ്ഥ വരില്ലായിരുന്നു എന്നാണ് രേഷ്മ പറയുന്നത്.

ജൂലൈ 31നാണ് ഗൗതം പോയ വള്ളം തിരയിൽപ്പെട്ട് മറിഞ്ഞത്. അപകടത്തിൽ ഗൗതത്തിന്‍റെ അച്ഛൻ രാധാകൃഷ്ണൻ (46) മുത്തച്ഛൻ രാജീവൻ (74) എന്നിവരും മരിച്ചു. ഇവരുടെ രണ്ടുപേരുടെ മൃതദേഹങ്ങളും ലഭിച്ചെങ്കിലും ഗൗതമിനെ കണ്ടെത്താനായില്ല. തെരച്ചിൽ ഊർജിതമല്ലെന്ന് ആരോപിച്ച് ഗൗതമിന്‍റെ അമ്മ രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി പ്രതി ഷേധിച്ചത് വാർത്തയായിരുന്നു. തുടർന്ന് കോസ്റ്റൽ പൊലീസിന്‍റേയും മറൈൻ എൻഫോഴ്സിന്‍റേയും നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.

'' ഒരുകുടുംബങ്ങൾക്കും ഈ അവസ്ഥ വരരുത്. മൃതദേഹം കിട്ടാത്തത് കൊണ്ടാണ് മര രൂപത്തിൽ കൊത്തി അത് ദഹിപ്പിക്കേണ്ടി വന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവരും വന്ന് വാഗ്‌ദാനങ്ങൾ ഒക്കെ തന്നു. ക്യാബിനറ്റ് പലതു കഴിഞ്ഞിട്ടും ഇതുവരെ തൻ്റെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാം എന്ന വാഗ്‌ദാനം നടപ്പാക്കിയിട്ടില്ല. കടലിൽ വള്ളം തകർന്ന് മരിച്ച ഭർത്താവിൻ്റെയും പിതാവിൻ്റെയും മരണനാന്തര ആനുകൂല്യങ്ങളും പൂർണമായി ലഭിച്ചിട്ടില്ല,'' എന്നും രേഷ്‌മ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക