
ജാമുയി: ബീഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ വെടി വെച്ച് വീഴ്ത്തി പോലീസ്. പ്രതിയുമായി ഏറ്റുമുട്ടൽ ഉണ്ടായെന്നാണ് പോലീസ് പറയുന്നത്. കോച്ചിങ് ക്ലാസ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരികയായിരുന്ന കുട്ടികളെയാണ് മുഖ്യപ്രതിയായ നന്ദൻ യാദവും കൂട്ടരും ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചത്. സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം ഏകദേശം 7 മണിയോടെയാണ് ഈ സംഭവം നടന്നത്. ജാമുയിയിലെ മഡ്വ ഹിൽസ് പ്രദേശത്തായിരുന്നു സംഭവം.
രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ക്ലാസ് കഴിഞ്ഞ് വരുന്നതിനിടെ ആക്രമണം നേരിടേണ്ട് വന്നത്. ഇതിൽ ഒരു പെൺകുട്ടിയും സഹപാഠിയായ ആൺകുട്ടിയും ഉണ്ടായിരുന്നു. ഇവരെ ഒരു സംഘം യുവാക്കൾ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം പ്രതികൾ ഇവരെ ഉപദ്രവിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
മുഖ്യ പ്രതിയായ നന്ദൻ യാദവ് പെൺകുട്ടിയെ പുറകിലൂടെ പിടിച്ചുവെക്കുകയും ആക്രമിക്കുകയും ചെയ്തു. വിദ്യാർത്ഥിനിയും കൂട്ടുകാരനും രക്ഷപ്പെടാൻ പരമാവധി ശ്രമിച്ചെങ്കിലും പ്രതികൾ ഇവരെ തുടർച്ചയായി ശല്യം ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സംഭവം രാജ്യമെങ്ങും ചർച്ചയായതോടെയാണ് പോലീസ് നടപടിക്കിറങ്ങിയത്.
സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചത്. മഡ്വ ഹിൽസിന് സമീപം ഒളിച്ചിരിക്കുകയായിരുന്ന പ്രധാന പ്രതി നന്ദൻ യാദവിനെ പോലീസ് വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. തുടർന്നുണ്ടായ പോലീസിന്റെ വെടിവെപ്പിൽ ഇയാളുടെ ഇടതുകാലിൽ വെടിയേറ്റു. നന്ദൻ യാദവിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
വൈറൽ വീഡിയോയിൽ ചുവന്ന സ്കാർഫ് ധരിച്ച നിലയിൽ കണ്ടത് ഇയാളെയാണെന്നാണ് പോലീസ് പറയുന്നത്. കേസിൽ ഇതുവരെ 6 ആളുകൾ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ മൂന്ന് പേർ 35 നും 40 നും ഇടയിൽ പ്രായമുള്ളവരും, മറ്റു മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരുമാണ്.
പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് രാമാശിഷ് ചൗധരി എന്നയാളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ബിഎൻഎസ് വകുപ്പുകൾ കൂടാതെ പോക്സോ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ആക്രമണ ദൃശ്യങ്ങൾ വൈറലാക്കിയവരെയും പോലീസ് കേസിൽ കുടുക്കും. ഇരയായ പെൺകുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പോലീസിന്റെ ആരോപണം. 120 സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കെതിരെ സൈബർ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ജാമുയി എസ്.ഡി.പി.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബിഹാർ സർക്കാരിന് രാജ്യത്തെങ്ങും നാണക്കേടുണ്ടാക്കിയ സംഭവമാണ് ജാമുയി ആക്രമണ ക്കേസ്. ആക്രമണ ദൃശ്യങ്ങൾ വൻതോതിൽ രാജ്യമെങ്ങും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു