Image

ഹോർമുസ് കടലിടുക്ക് ‘ബ്ലാക്ക്‌മെയിൽ' ചെയ്യുന്നതിന് ഉപയോഗിക്കരുതെന്ന് മാക്രോൺ

Published on 23 September, 2026
 ഹോർമുസ് കടലിടുക്ക് ‘ബ്ലാക്ക്‌മെയിൽ' ചെയ്യുന്നതിന്  ഉപയോഗിക്കരുതെന്ന് മാക്രോൺ

ന്യൂയോർക്ക്: ഗാസയിലെ സ്ഥിതിഗതികൾ ‘ലജ്ജാകരമാണെന്ന്’ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുഎൻ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിൽ മാനുഷിക സഹായം എത്തിക്കുന്നതിനുള്ള ഇടനാഴികൾ പോലും പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്നും മാക്രോൺ പറഞ്ഞു. 

‘ഗാസയിൽ നാം നിഷ്‌ക്രിയരായി തുടരുകയാണെങ്കിൽ നമ്മുടെ വിശ്വാസ്യതയ്ക്ക് എന്ത് വിലയാണുള്ളത്?’ എന്ന് മാക്രോൺ ചോദിച്ചു. ഗാസയിൽ സമാധാനം കൈവന്നുവെന്ന് ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും അതിനനുസരിച്ച് മാനുഷിക സഹായ വിതരണം പുനഃസ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യവും മാക്രോൺ എടുത്തുപറഞ്ഞു. കടലിടുക്ക് ‘ബ്ലാക്ക്‌മെയിലിനായി’ ഉപയോഗിക്കരുതെന്നും അന്താരാഷ്ട്ര നിയമം പാലിച്ചുകൊണ്ട് കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത് അടിയന്തര മുൻഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും ഗൾഫ് മേഖലയിലെ സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം വേണമെന്ന് യുഎൻ പൊതുസഭയിൽ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ഗൾഫ് മേഖല നേരിടുന്ന ‘ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നാണെന്ന്’ അദ്ദേഹം തുറന്നടിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും കപ്പൽ ഗതാഗതത്തിനായി തുറക്കുന്നത് സംഘർഷം ഒഴിവാക്കുന്നതിനുള്ള പ്രധാന നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഖത്തർ ‘വിശ്വസ്ത മധ്യസ്ഥൻ’ എന്ന നിലയിൽ മേഖലയിൽ നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നും, അതേസമയം രാജ്യത്തിന്റെ പ്രദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കുമെന്നും അമീർ പറഞ്ഞു. 

അതേസമയം, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളെയും വെസ്റ്റ് ബാങ്കിലെ നയങ്ങളെയും യുഎൻ പൊതുസഭയിൽ വിമർശിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇസ്രയേൽ സർക്കാർ തടസ്സം സൃഷ്ടിക്കുകയാണെന്നും വെസ്റ്റ് ബാങ്കിൽ ‘വസ്തുതാപരമായ അധിനിവേശം’ ശക്തമാകുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ ഇസ്രയേൽ സർക്കാർ നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അബ്ദുല്ല അഭിപ്രായപ്പെട്ടു. ഗാസയിലെ ആക്രമണങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ നശീകരണവും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

 ഇസ്രയേലിനും പലസ്തീനുമിടയിലെ ദീർഘകാല സമാധാനത്തിനും സുരക്ഷയ്ക്കും രണ്ട് രാഷ്ട്ര പരിഹാരമാണ് ഏക വിശ്വസനീയ മാർഗമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവർത്തിച്ചു. സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഇസ്രയേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും സഹവസിക്കുന്നതാണ് ലക്ഷ്യമെന്നും അതിന് പകരം മറ്റൊരു പരിഹാരമില്ലെന്നും ഗുട്ടറസ് വ്യക്തമാക്കി. 

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്കും യുഎൻ പൊതുസഭ വേദിയായി. മധ്യസ്ഥരുടെ സഹായത്തോടെ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുണ്ട്. കടലിടുക്ക് വീണ്ടും തുറക്കുന്നത് സംബന്ധിച്ചും ചർച്ചകൾ തുടരുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക