
ഇറാനിൽ പുരോഹിത ഭരണം അവസാനിപ്പിക്കണമെന്നും ജനാധിപത്യം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു ആയിരക്കണക്കിനു ഇറാൻകാർ യുഎൻ ആസ്ഥാനത്തിനു മുന്നിൽ ചൊവാഴ്ച്ച പ്രകടനം നടത്തി. രാഷ്ട്രീയ തടവുകാരെ വധിക്കുന്നത് നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
നാഷനൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഇൻ ഇറാൻ (എൻ സി ആർ ഐ) എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറോളം രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ടെന്നു സംഘടനയെ നയിക്കുന്ന പ്രതിപക്ഷ നേതാവ് മറിയം റജാവി ചൂണ്ടിക്കാട്ടി. ഇറാൻ നേതാക്കളെ യുഎൻ സമ്മേളനത്തിന് അനുവദിച്ചതിനെ അവർ അപലപിക്കയും ചെയ്തു.
"ഈ ഭരണകൂടം തുടരുന്ന കാലത്തോളം അടിച്ചമർത്തലും വധശിക്ഷയും ഭീകരവാഴ്ചയും പോർവിളിയും തുടരും. ഇറാൻ ജനത മുൻകൈയെടുത്തു ഭരണമാറ്റം ഉണ്ടാക്കുക എന്നതാണ് പരിഹാരം."
ഫെബ്രുവരി 28നു ഇസ്രയേലുമായി ചേർന്നു യുദ്ധം ആരംഭിക്കുമ്പോൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ലക്ഷ്യങ്ങളിലൊന്ന് ഭരണമാറ്റം ആയിരുന്നു. പരമാധികാരി ആയത്തൊള്ള അലി ഖമെനായി ഉൾപ്പെടെ ഉന്നത നേതാക്കളെ വധിച്ചെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു അണ്വായുധ പദ്ധതി തടയുക എന്നതാണ് പ്രധാന ലക്‌ഷ്യം എന്നു പ്രഖ്യാപിച്ചു.
യുഎൻ കണക്കനുസരിച്ചു ജനുവരിയിൽ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായ ശേഷം ഇറാൻ 56 പേരെ വധശിക്ഷയ്ക്കു വിധേയരാക്കി. നൂറിലധികം പേർ വധശിക്ഷ നേരിടുന്നുണ്ടെന്നു യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ തുർക് പറഞ്ഞു.
റാലിയിൽ ഉയർന്നു കേട്ട മുദ്രാവാക്യം ' മാറ്റണം മാറ്റണം മാറ്റണം, ഇറാനിലെ ഭരണത്തെ മാറ്റണം' എന്നായിരുന്നു. ഇറാൻ പ്രസിഡന്റ് പെസെഷ്കിയാനെ യുഎന്നിൽ നിന്നു പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പുരോഹിത ഭരണത്തെയും ചക്രവർത്തി ഭരണത്തെയും ഒന്നുപോലെ എതിർത്ത റാലിയിൽ ജനാധിപത്യത്തിനു വേണ്ടിയുള്ള ആവശ്യമാണ് ഉയർന്നു കേട്ടത്. ജനങ്ങൾ ഉണർന്നെണീറ്റു വിപ്ലവം നടത്തണമെന്ന യുഎസ് ലക്ഷ്യവും നടക്കാതെ പോയിട്ടുണ്ട്.
Iranians protest outside UN