Image

അതിർത്തി സുരക്ഷയ്ക്കായി 210 ഏക്കർ ഭൂമി ബിഎസ്എഫിന് കൈമാറും; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

Published on 22 September, 2026
അതിർത്തി സുരക്ഷയ്ക്കായി 210 ഏക്കർ ഭൂമി ബിഎസ്എഫിന് കൈമാറും; പ്രഖ്യാപനവുമായി സുവേന്ദു അധികാരി

കൊൽക്കത്ത: പശ്ചിമബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ അതിർത്തി സുരക്ഷയ്‌ക്ക് ഊന്നൽ നൽകി സംസ്ഥാന സർക്കാർ. 210 ഏക്കർ ഭൂമി ബിഎസ്‌എഫിന് (ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്) കൈമാറുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ഇതേസംബന്ധിച്ച് നോർത്ത് ബംഗാൾ വികസന മന്ത്രി നിസിത് പ്രമാണിക്, ജില്ലാ ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി ചർച്ചകൾ നടത്തി. കൂച്ച് ബെഹാർ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽക്കൂടി ലഹരിമരുന്ന് കടത്തിനും കൃഷിക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഭരണകൂടത്തിനും പൊലീസിനും നിർദേശം നൽകി.

ഇന്ന് (സെപ്‌തംബർ 22) നടന്ന യോഗത്തിന് ശേഷം 210 ഏക്കർ ഭൂമി ബിഎസ്‌എഫിന് കൈമാറുമെന്നും രാജ്യത്തെ സുരക്ഷിതമാക്കാൻ ആദ്യം അതിർത്തി സംരക്ഷിക്കണമെന്നും സുവേന്ദു അധികാരി മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ മൂന്ന് ഘട്ടങ്ങളിലായി അതിർത്തി സംരക്ഷണ സേനയ്ക്ക് സംസ്ഥാന സർക്കാർ വലിയ തോതിൽ ഭൂമി കൈമാറിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ആ ഭൂമിയിൽ മുള്ളുവേലി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ബിഎസ്എഫ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

 ബിജിബിയും (ബോർഡർ ഗാർഡ് ബംഗ്ലാദേശ്) ബംഗ്ലാദേശ് ഭാഗത്തുനിന്നുള്ള അക്രമികളും ബിഎസ്എഫിൻ്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഈ തടസങ്ങൾക്കിടയിലും വേലി നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്.

കൂടാതെ, അതിർത്തി ജില്ലയായ കൂച്ച് ബെഹാറിൽ നിന്ന് ലഹരിമരുന്ന് കടത്തും ലഹരി വസ്‌തുക്കളുടെ കൃഷിയും വർധിച്ച് വരുന്ന സാഹചര്യമാണുള്ളത്. ആയതിനാൽ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കഞ്ചാവ്, കറുപ്പ് തുടങ്ങിയ ലഹരിമരുന്നുകൾ കടത്തുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക