
ന്യൂഡൽഹി: കാൻസർ മരുന്നുകൾക്ക് അമിതവില ഈടാക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി . രോഗികളിൽ നിന്ന് വൻ തുക ഈടാക്കുന്ന ഈ പ്രവണത പകൽക്കൊള്ളയാണെന്ന് കോടതി വിശേഷിപ്പിച്ചു. പ്രധാനപ്പെട്ട ഒരു കാൻസർ മരുന്ന് വിഷപ്പനക്കാർക്ക് ലഭിക്കുന്ന വിലയും, അവ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വിലയും താരതമ്യം ചെയ്തുള്ള വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ പരാമർശം. ഈ മരുന്ന്ന റീട്ടെയിലർമാർക്ക് ലഭിക്കുന്നത് 2,700 രൂപയ്ക്കാണ്. അതിന്റെ പരമാവധി വിൽപ്പനവില 27,000 രൂപയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് റീട്ടെയിൽ വിലയുടെ പത്തിരട്ടി രോഗികളിൽ നിന്ന് ഈടാക്കാൻ അവസരം ലഭിക്കുന്നു.
ജസ്റ്റിസ് വിക്രം നാഥ് , ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇത് പണം കൊള്ളയടിക്കലല്ലെങ്കിൽ അല്ലെങ്കില്‍ പിന്നെന്താണ് എന്ന് കോടതി ആരാഞ്ഞു. ചികിത്സയ്ക്കായി ആളുകൾ തങ്ങളുടെ വീടുകളും ആഭരണങ്ങളും വരെ വിൽക്കേണ്ടി വരുന്നുവെന്ന് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം അമിതവില നിയന്ത്രിക്കേണ്ട ഉത്തരവാദപ്പെട്ട അധികാരികൾ മൗനം പാലിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു.
അതെസമയം വില കൂടുതലാണെന്ന കാര്യത്തിൽ തങ്ങൾക്കും സംശയമില്ല എന്ന സമീപനമാണ് കേന്ദ്ര സർക്കാർ കോടതിയിൽ സ്വീകരിച്ചത്. കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് , ഈ കേസിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും, വിഷയത്തിൽ അനുകൂല നിലപാടാണുള്ളതെന്നും വ്യക്തമാക്കി. ഫാർമസ്യൂട്ടിക്കൽ കമ്പനികളും വ്യാപാരികളും നടത്തുന്ന അന്യായമായ വിലനിർണ്ണയം തടയുന്നതിനും ഡ്രഗ്സ് പ്രൈസ് കൺട്രോൾ ഓർഡർ കർശനമായി നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി വന്നത്