
വന്ദേമാതരത്തിന്റെ എല്ലാ വരികളും ആലപിക്കണമെന്ന നിർദേശത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് മറുപടി തേടി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി. മതേതര സ്വഭാവത്തിന് വിരുദ്ധമായതിനാൽ വന്ദേമാതരം മുഴുവന്‍ പാടാന്‍ നിര്‍ബന്ധിക്കരുതെന്ന് ചൂണ്ടിക്കാട്ടി സംഗീതജ്ഞന്‍ ടി എം കൃഷ്ണ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. വന്ദേമാതരം ദേശീയഗാനമാക്കിയത് റദ്ദാക്കണമെന്നും ഹർജിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഏതായിരിക്കണം ദേശീയ ഗാനം എന്ന് തീരുമാനിക്കാൻ തങ്ങൾക്ക് അധികാരം ഇല്ലെന്ന് ഹർജി പരിഗണിച്ച് കോടതി പറഞ്ഞു. അതേസമയം മതപരമായ കാരണങ്ങളാൽ വന്ദേമാതരം ആലപിക്കാത്തവര്‍ക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
വന്ദേമാതരത്തിന്റ ആദ്യ രണ്ട് വരികൾ രാജ്യത്തെ പ്രകീര്‍ത്തിക്കുന്നതാണെങ്കിലും അവസാനത്തെ ആറ് വരികളും ഹിന്ദു ദൈവങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ളതാണെന്നാണ് ടിഎം കൃഷ്ണ ഹർജിയിൽ പറഞ്ഞത്. ദുർഗ, ലക്ഷ്മി, സരസ്വതി എന്നിങ്ങനെ ഹിന്ദുമതത്തിലെ ദൈവങ്ങളെയാണ് വരികളിൽ പ്രതിപാദിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വരികൾ പാടാൻ നിർബന്ധിക്കുന്നത് രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണ് എന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജിയിൽ ശക്തമായ വാദപ്രതിവാദമാണ് നടന്നത്