
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് യോഗത്തിനിടയിലുണ്ടായ കൈയാങ്കളി വിവാദം ചര്‍ച്ചയായിരിക്കെ രമ്യ ഹരിദാസ് എംഎല്‍എ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. തന്റെ ഭാഗം വിശദീകരിക്കാനാണ് രമ്യ നേരിട്ട് നേതൃത്വത്തെ കണ്ടതെന്നാണ് സൂചന.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും ആശയവിനിമയത്തിലെ പോരായ്മകളുമാണ് ഒടുവില്‍ കൈയാങ്കളിയില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച് പഠിക്കാന്‍ മുതിര്‍ന്ന നേതാവ് എം.എം.ഹസന്‍ അധ്യക്ഷനായ സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയിരുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്തിമ നടപടികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംഭവത്തില്‍ രമ്യയുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായതായി മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രമ്യക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ താക്കീതോടെ വിഷയം അവസാനിപ്പിക്കണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം.