
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുൻപെങ്ങുമില്ലാത്തവിധം വർദ്ധിച്ച സാഹചര്യത്തിൽ ഇറാന്റെ സായുധ സേനകൾ അതീവ ജാഗ്രത പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. അമേരിക്ക, ഇസ്റയേൽ, ഗൾഫ് രാജ്യങ്ങൾ എന്നിവയുമായുള്ള സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ ഇറാന്റെ സൈന്യം ഏറ്റവും ഉയർന്ന സൈനിക ജാഗ്രതാ നിർദ്ദേശമായ ‘കോഡ് 100’ (Code 100) സജ്ജമാക്കിയതായാണ് വിവരം.
യമനിലെ ഹൂതികൾ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷമാണ് മേഖലയിൽ ആശങ്ക രൂക്ഷമായത്. രാജ്യത്തെ സൈന്യത്തോട് തയാറായിരിക്കാൻ നൽകുന്ന ഏറ്റവും ഗൗരവമേറിയ മുന്നറിയിപ്പാണ് ‘കോഡ് 100’. എന്നാൽ, ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസികളോ സർക്കാർ മാധ്യമങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിവിധ പരിപാടികൾ വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിൽ തിരിച്ചെത്തിയിട്ടുണ്ട്. സൗദി സേനയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായ പശ്ചാത്തലത്തിലാണ് ട്രംപ് ക്യാംപ് ഡേവിഡിലെ താമസം വെട്ടിച്ചുരുക്കി ശനിയാഴ്ച വൈകിട്ട് വാഷിംഗ്ടണിലേക്ക് മടങ്ങിയത്.
അതേസമയം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹുവും വരാനിരിക്കുന്ന യുഎസ് സന്ദർശനം വെട്ടിച്ചുരുക്കിയതായി ഐ24ന്യൂസ് റിപ്പോർട്ട് ചെയ്തു.
എന്നാൽ ട്രംപിന്റെ മടക്കയാത്രയ്ക്ക് ഏതെങ്കിലും പ്രത്യേക സൈനിക നടപടിയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
ഇരുവരും അവരുടെ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തിയതിന്റെ കാരണങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ഹൂതി-സൗദി സംഘർഷം രൂക്ഷമാകുന്നതിനിടയിൽ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതിവേഗം വഷളാകാമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു. വിമാന സർവീസുകൾ റദ്ദാക്കപ്പെടാനും വ്യോമപാതകൾ അടയ്ക്കപ്പെടാനും മറ്റ് യാത്രാ തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അമേരിക്കൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
റിയാദ് ഉൾപ്പെടെയുള്ള സൗദി അറേബ്യൻ കേന്ദ്രങ്ങൾക്കെതിരെ ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ. ഇതിനിടെ ഇറാൻ, യുഎസ്, ഇസ്രായേൽ എന്നിവ ഉൾപ്പെട്ട സംഘർഷവും കൂടുതൽ രൂക്ഷമായി. പുതിയതായി യുഎസ് ആക്രമണമുണ്ടായാൽ അമേരിക്കൻ താൽപര്യങ്ങൾക്കും മേഖലയിൽ അതിന്റെ സഖ്യകക്ഷികൾക്കും എതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.