Image

'ഒരു മന്ത്രി, കുടുംബസമേതം യു എസിലേക്ക് പറക്കുന്നു': ഇടതുപക്ഷം ആയിരുന്നെങ്കിൽ മാധ്യമങ്ങൾ ആടിത്തിമിർത്തേനെ, ജനാധിപത്യത്തിന്റെ വാച്ച് ഡോഗ്സ് എന്നാണ് വെറും ലാപ്ഡോഗ്സ് ആയത് ; എംബി രാജേഷ്

Published on 21 September, 2026
 'ഒരു മന്ത്രി, കുടുംബസമേതം യു എസിലേക്ക്  പറക്കുന്നു': ഇടതുപക്ഷം ആയിരുന്നെങ്കിൽ മാധ്യമങ്ങൾ ആടിത്തിമിർത്തേനെ, ജനാധിപത്യത്തിന്റെ വാച്ച് ഡോഗ്സ് എന്നാണ് വെറും ലാപ്ഡോഗ്സ് ആയത് ; എംബി രാജേഷ്

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംബി രാജേഷ്. മന്ത്രി കെഎം ഷാജി സുഹൃത്തിന്റെ റേഞ്ച് റോവർ കാർ ഉപയോഗിച്ചതും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കൻ യാത്രയും മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ നടത്തിയ മംഗലാപുരം യാത്രയും അടക്കമുളള വിഷയങ്ങളിൽ മാധ്യമങ്ങൾക്ക് ചോദ്യങ്ങളും സംശയങ്ങളും ഒന്നും ഇല്ലേ എന്ന് എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ഇടതുപക്ഷം ആയിരുന്നുവെങ്കിൽ മാധ്യമങ്ങൾ ആടിത്തിമിർത്തേനെ എന്നും ജനാധിപത്യത്തിന്റെ വാച്ച് ഡോഗ്സ് എന്ന് അവകാശപ്പെടുന്ന മാധ്യമങ്ങൾ എപ്പോഴാണ് വെറും ലാപ്ഡോഗ് ആയി മാറിയത് എന്നും എംബി രാജേഷ് തുറന്നടിച്ചു.

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്: 'മാധ്യമങ്ങളേ നിങ്ങൾക്കൊന്നും തോന്നുന്നില്ലേ? ഒരു മന്ത്രി, കുടുംബസമേതം അമേരിക്കയിലേക്കും തിരിച്ചും പറക്കുന്നു . ടിക്കറ്റ് ഒന്നിന് ഒരു വശത്തേക്ക് മാത്രം എട്ടു ലക്ഷം രൂപ ചെലവ് വരുമത്രേ. ദോഷം പറയരുതല്ലോ. ഉദാരമതിയായ ഒരു സുഹൃത്ത് സ്പോൺസർ ചെയ്തതാണ് . മറ്റൊരു മന്ത്രി കൊടിവെച്ച സർക്കാർ വാഹനം പോരാതെ കോടികൾ വിലയുള്ള സുഹൃത്തിൻറെ ആഡംബര വാഹനത്തിൽ കൊടിയും സ്റ്റേറ്റ് ബോർഡും വെച്ച് കറങ്ങുന്നു. അതിനൊക്കെ മുമ്പ് ഇന്നും അജ്ഞാതനായി തുടരുന്ന ദാനശീലനായ മറ്റൊരു സുഹൃത്ത് ഒരു വിമാനം തന്നെ മുഖ്യമന്ത്രിക്ക് മംഗലാപുരത്തേക്ക് പോകാൻ വാടകയ്ക്ക് എടുത്തു കൊടുക്കുന്നു. 25 ലക്ഷം രൂപ വരുമത്രേ. എന്തു നല്ല സുഹൃത്തുക്കൾ!

എന്നാലും എന്തിനായിരിക്കും ഈ സുഹൃത്തുക്കൾ മന്ത്രിമാർക്ക് കോടികളുടെ വ്യക്തിപരമായ സൗജന്യം നൽകിയിട്ടുണ്ടാവുക ? മാധ്യമങ്ങളെ നിങ്ങൾക്ക് ചോദ്യങ്ങളൊന്നുമില്ലേ? സംശയങ്ങൾ പോലുമില്ലേ? ഒരു ഒരു ധാർമിക പ്രശ്നവും തോന്നുന്നില്ലേ? ഒറ്റ ദിവസത്തെ നിശാ ചർച്ചയ്ക്കുള്ള വിഷയം പോലുമായി തോന്നാത്തതെന്താവാം ? ചാനൽ ഫ്ലോറുകളിലെ അലർച്ചയും ആക്രോശവും പിത്തലാട്ടവും ധാർമ്മിക രോഷവും കഥാപ്രസംഗവുമൊക്കെ ഉപേക്ഷിച്ച് നിങ്ങളങ്ങ് മര്യാദക്കാരായിപ്പോയല്ലോ...

ഈ സ്ഥാനത്ത് ഇടതുപക്ഷക്കാരായിരുന്നെങ്കിലോ? എങ്കിൽ ആടിത്തിമർത്തേനെ അല്ലേ? കെട്ടിച്ചമച്ച ഈന്തപ്പഴവും ഖുർആനും ബിരിയാണി ചെമ്പും കൈതോലപ്പായയും കാറ്റാടിപ്പാടവും എന്തിനധികം ഡിജിറ്റൽ ഒപ്പു പോലും ആഴ്ചകൾ ഫ്ലോറിലിട്ട് അലക്കിയതൊക്കെ നിങ്ങൾ ഇത്രവേഗം മറന്നോ? നിങ്ങൾക്കിനിയും ഒന്നും തോന്നുന്നില്ലേ? ഒരല്പം നാണം പോലും? ഇവരെ ന്യായീകരിച്ച് വെളുപ്പിക്കാൻ ക്യാമറയും മൈക്കുമായി തൊഴിലാളികളെ അയക്കാതെയെങ്കിലുമിരിക്കാമായിരുന്നില്ലേ? എന്നും പ്രതിപക്ഷത്തായിരിക്കുമെന്നും ജനാധിപത്യത്തിൻറെ വാച്ച് ഡോഗ് (കാവൽ നായ ) ആയിരിക്കുമെന്നുമൊക്കെ പൊങ്ങച്ചം പറഞ്ഞ നിങ്ങൾ എപ്പോഴാണ് വെറും ലാപ്ഡോഗ് ആയി മാറിയത് ?നിങ്ങളുടെ കഴുത്തിലെ തുടൽ ആരുടേതാണ് ? നിങ്ങളുടെ തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷ്ണം ആര് എറിഞ്ഞുതന്നതാണ്? എല്ലാം ജനങ്ങൾ കാണട്ടെ'.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക