
വൈറ്റ് ഹൗസിൽ റിപ്പോർട്ടർമാർക്കു പ്രവേശനം നിരോധിച്ചതിനെതിരെ സി എൻ എൻ, എം എസ് നൗ, പൊളിറ്റിക്കോ എന്നീ വാർത്താ മാധ്യമങ്ങൾ കോടതിയിലേക്ക്. ഭരണകൂടത്തെ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടാൻ അവകാശം നൽകുന്ന ഭരണഘടനയിലെ ഫസ്റ്റ് അമെൻഡ്മെന്റിന്റെ ലംഘനമാണ് പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന നിരോധനമെന്നു അവർ ചൂണ്ടിക്കാട്ടുന്നു.
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ ആയ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഗവൺമെന്റ് അല്ലെന്നു മൂന്ന് സ്ഥാപനങ്ങളും ചേർന്നിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
"ഇതിനെ ചോദ്യം ചെയ്തില്ലെങ്കിൽ പത്ര സ്വാതന്ത്ര്യവും ഭരണ ഇടപെടൽ ഇല്ലാതെ സ്വതന്ത്രമായി വാർത്തകൾ അറിയാനുള്ള ജനങ്ങളുടെ അവകാശവും ഇല്ലാതാവും."
വ്യാജ വാർത്തകൾ നൽകുന്നു എന്നാരോപിച്ചാണ് ട്രംപ് വെള്ളിയാഴ്ച്ച നിരോധനം പ്രഖ്യാപിച്ചത്. ഉടൻ നടപ്പിൽ വന്നു. ശനിയാഴ്ച്ച മൂന്നു റിപ്പോർട്ടർമാരെയും തടയുകയും ചെയ്തു. "അവരെ എന്റെ ഓഫിസിൽ കയറ്റില്ല, അവരെ ഇവിടെ വേണ്ട," ട്രംപ് പറഞ്ഞു.
കോടതിയെ സമീപിക്കുമെന്ന് മൂന്നു മാധ്യമങ്ങളും പ്രഖ്യാപിച്ചതിനു പിന്നാലെ ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു: "വൈറ്റ് ഹൗസ് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെ നേരെ ആക്രമണം നടത്തുകയല്ല. പത്ര സ്വാതന്ത്ര്യത്തെ ഞാൻ മാനിക്കുന്നു. ഞങ്ങൾ ആക്രമണം നടത്തുന്നത് വ്യാജ വാർത്തകൾക്കെതിരെയാണ്. പ്രിയപ്പെട്ട യുഎസിന്റെ മേൽ അവ കാൻസർ പോലെ പടരുകയാണ്. അത് അഴിമതി നിറഞ്ഞതാണ്, കരുതിക്കൂട്ടി ഉള്ളതാണ്, പൂർണമായും ഏകോപിപ്പിച്ചതാണ്. അവ ദേശരക്ഷയ്ക്കു ഭീഷണിയാണ്, ഉടൻ തന്നെ നിർത്തേണ്ടതാണ്."
ഹാർപ്പിനൊരു പങ്ക്
ട്രംപ് നിരോധനം പ്രഖ്യാപിച്ചത് അദ്ദേഹത്തിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ് പ്രേരിപ്പിച്ചിട്ടാണെന്നു ഞായറാഴ്ച്ച വോൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. എം എസ് നൗ അദ്ദേഹത്തെ വിമർശിക്കുന്ന ദൃശ്യങ്ങൾ ട്രംപിനോട് ഏറ്റവും അടുപ്പമുള്ള സഹായി എന്ന നിലയിൽ വിവാദ വനിതയായ ഹാർപ് കാട്ടിക്കൊടുത്തു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അകെയ്‌ലാ ഗാർഡ്നർ (എം എസ് നൗ), ബെറ്റ്സി ക്ലെയ്ൻ (സി എൻ എൻ), ചെയ്ൻ ഹാസ്‌ലെറ്റ് (പൊളിറ്റിക്കോ) എന്നിവരെ ശനിയാഴ്ച്ച തടയുകയും അവരിൽ നിന്നു പ്രസ് പാസുകൾ പിടിച്ചു വാങ്ങുകയും ചെയ്തു.
Banned news outlets to sue White House