
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ നൂറാം ദിനാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഡിപ്പോയിൽ സാരി വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്ന് ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ ഡോ. പി.എസ്. പ്രമോജ് ശങ്കർ അറിയിച്ചു. പ്രിയദർശിനി പദ്ധതിയുടെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകൾക്ക് സൗജന്യമായി സാരി വിതരണം ചെയ്യുമെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.
ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ തമ്പാനൂർ ഡിപ്പോയിൽ ഗതാഗത മന്ത്രി സി.പി. ജോൺ സന്ദർശനം നടത്തുമെന്നും ജീവനക്കാർ യാത്രക്കാർക്ക് മധുരം വിതരണം ചെയ്യുമെന്നും സിഎംഡി വ്യക്തമാക്കി. അന്നുതന്നെ വൈകുന്നേരം തമ്പാനൂർ ചൈത്രം ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും. ബജറ്റ് ടൂറിസത്തിനായി തയ്യാറാക്കിയ പുതിയ സോഫ്റ്റ്‌വെയറും ടിക്കറ്റ് റിസർവേഷനിലെ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനവും ഇതോടൊപ്പം പുറത്തിറക്കും.