Image

ഐഐടി ബോംബെയിലെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫ. സൂര്യനാരായണയെ ഡീൻ സ്ഥാനത്ത് നിന്ന് നീക്കി

Published on 21 September, 2026
ഐഐടി ബോംബെയിലെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫ. സൂര്യനാരായണയെ ഡീൻ സ്ഥാനത്ത് നിന്ന് നീക്കി

മുംബൈ: ഐഐടി ബോംബെയിൽ വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് പ്രൊഫ. സൂര്യനാരായണ ഡൂല്ലയെ ഡീൻ സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കം ചെയ്‌തതായി അധികൃതര്‍ അറിയിച്ചു. നിലവിൽ ഡീൻ (അഡ്‌മിനിസ്ട്രേറ്റീവ് അഫയേഴ്‌സ്) ആയി സേവനമനുഷ്‌ഠിക്കുന്ന പ്രൊഫ. ഡൂല്ലയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്‌തതായി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ പ്രൊഫ. ശിരീഷ് കെദാരെ ആണ് ഔദ്യോഗിക മെയിലിലൂടെയാണ് അറിയിച്ചത്. അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡയറക്‌ടർ കൂട്ടിച്ചേർത്തു.

പരീക്ഷയ്ക്കിടെ മൊബൈൽ ഫോണിൽ ചാറ്റ്ജിപിടി  ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചത് പിടിക്കപ്പെട്ടതിന് പിന്നാലെയാണ് ഐഐടി ബോംബെയിലെ  രണ്ടാം വർഷ വിദ്യാർഥി ജീവനൊടുക്കിയത്. വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവം. കഴിഞ്ഞ ആറ് മാസത്തിനിടെ ഐഐടിയുടെ പവായ് കാമ്പസിൽ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.

എനർജി സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗം വിദ്യാർഥിയായ സാഹിൽ രവീന്ദ്ര വാകോഡെയാണ് മരിച്ചത്. പരീക്ഷ നടക്കുന്നതിനിടെ ചോദ്യപേപ്പർ ചാറ്റ്ജിപിടിയിൽ അപ്‌ലോഡ് ചെയ്‌ത് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിക്കപ്പെട്ടതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി.

എന്നാൽ സംഭവത്തിന് പിന്നാലെ വിദ്യാർഥിക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടികളും സ്വീകരിച്ചിരുന്നില്ലെന്ന് ഐഐടി ബോംബെ വിശദീകരിച്ചു. പരീക്ഷാ ഇൻസ്ട്രക്‌ടറും വകുപ്പ് മേധാവിയും വിദ്യാർഥിയുമായി സംസാരിക്കുകയും കൗൺസലിങ് നൽകുകയും ചെയ്‌തിരുന്നു. ഈ സംഭവം അക്കാദമിക ഭാവിയെ ദോഷകരമായി ബാധിക്കില്ലെന്ന് ഇവർ ഉറപ്പുനൽകിയിരുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.

അധ്യാപകരുമായുള്ള സംസാരത്തിന് ശേഷം ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയ സാഹിലിനെ പിന്നീട് മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ വകോഡ് പീഡനത്തിനും ജാതി വിവേചനത്തിനും വിധേയനായതായി കുടുംബം ആരോപിച്ചു. വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന്, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഭാരതീയ ന്യായ സംഹിത, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം പൊലീസ് ശനിയാഴ്‌ച എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു.

സംഭവത്തിന് പിന്നാലെ കാമ്പസിൽ തടിച്ചുകൂടിയ ഒരു കൂട്ടം വിദ്യാർഥികൾ ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മരണത്തിൻ്റെ യഥാർഥ കാരണങ്ങളും വിവരങ്ങളും അധികൃതർ മറച്ചുവയ്ക്കുകയാണെന്ന് അവർ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക