
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പേരും ഔദ്യോഗിക ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പാർട്ടി അധ്യക്ഷ മമതാ ബാനർജി നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചു.
പാർട്ടിയിലെ തർക്കത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ 'ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും പാർട്ടി ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് ഇരു വിഭാഗങ്ങളെയും വിലക്കിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടക്കാല ഉത്തരവിറക്കിയത്. തുടർന്ന് ഇരു വിഭാഗങ്ങൾക്കും വെവ്വേറെ പേരുകളും ചിഹ്നങ്ങളും കമ്മീഷൻ അനുവദിക്കുകയും ചെയ്തു.
മമതാ ബാനർജിയും അരൂപ് റോയും നയിക്കുന്ന ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 1968-ലെ ഇലക്ഷൻ സിംബൽസ് (റിസർവേഷൻ ആൻഡ് അലോട്ട്മെന്റ്) ഓർഡറിലെ വ്യവസ്ഥകൾ പ്രകാരം തർക്കത്തിൽ വിശദമായ പരിശോധിനയ്ക്കു ശേഷമേ അന്തിമ തീരുമാനമെടുക്കാനാകൂവെന്ന് കമ്മീഷൻ വ്യക്തമാക്കി.
എന്നാൽ കമ്മീഷന്റെ ഇടക്കാല തീരുമാനം അംഗീകരിക്കില്ലെന്നും പാർട്ടിയുടെ യഥാർത്ഥ സ്വത്വവും ചിഹ്നവും തിരിച്ചുപിടിക്കാൻ രാഷ്ട്രീയമായും ജനാധിപത്യപരമായും നിയമപരമായും അവസാന നിമിഷം വരെ പോരാടുമെന്നും മമതാ ബാനർജി പ്രഖ്യാപിച്ചു. കമ്മീഷൻ നടപടിയെ രൂക്ഷമായി വിമർശിച്ച അവർ, പാർട്ടി ചിഹ്നം നഷ്ടപ്പെടുന്നത് ഒരമ്മയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെടുന്നതിന് തുല്യമാണെന്നും രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും ആരോപിച്ചു.