
സൗദി അറേബ്യയിൽ കടുത്ത ആക്രമണം നടത്തുന്ന ഹൂത്തി വിപ്ലവ സേനയെ നേരിടാൻ യുദ്ധത്തിൽ പങ്കുചേരാനുള്ള നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ചെന്നു റിപ്പോർട്ട്. യുദ്ധത്തിനു തയ്യാറെടുക്കാൻ പെന്റഗൺ അധികൃതരോടു ട്രംപ് നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും 'ന്യൂ യോർക്ക് ടൈംസ്' പറഞ്ഞു.
അയൽ രാജ്യമായ യെമെനിൽ മുന്നേറ്റം തുടരുന്ന ഷിയാ സേനയെ നേരിടാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ട്രംപിന്റെ സഹായം തേടിയിരുന്നു. അതേ തുടർന്നു യുദ്ധ സന്നാഹത്തിനു ഉത്തരവിട്ട ട്രംപ് ഞായറാഴ്ച്ച അതു വേണ്ടെന്നു വച്ചതു അടുത്ത ഉപദേഷ്ടാക്കളുടെ നിർദേശം മാനിച്ചാണെന്നു പത്രം പറഞ്ഞു. ഇറാൻ യുദ്ധത്തിനു പുറമെ മറ്റൊരു പോർമുഖം കൂടി തുറക്കുന്നത് ആശാസ്യമല്ലെന്നു അവർ ഉപദേശിച്ചു.
ശനിയാഴ്ച്ച ക്യാമ്പ് ഡേവിഡിൽ നിന്നു ട്രംപ് പെട്ടെന്നു മടങ്ങിയത് ഈ സന്നാഹം ഏകോപിപ്പിക്കാനാണ് എന്നു റിപ്പോർട്ടുകൾ വന്നിരുന്നു. അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ചു കമാൻഡർമാർ ലക്ഷ്യസ്ഥാനങ്ങൾ നിർണയിക്കയും യുഎസ് പോർവിമാനങ്ങളിൽ ബോംബുകൾ നിറയ്ക്കുകയും ചെയ്തു.
യുഎസിനെ ലക്ഷ്യമിട്ടില്ലെന്നു ഹൂത്തികൾ
സൗദി അറേബ്യ അല്ലാതെ മറ്റൊരു രാജ്യത്തെയും ഹൂത്തികൾ ലക്‌ഷ്യം വയ്ക്കുന്നില്ലെന്നു അവരുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ മേധാവി മഹ്ദി അൽ മാഷാത് ഞായറാഴ്ച്ച പറഞ്ഞു. യെമെൻറെ പല ഭാഗങ്ങളും പിടിച്ചെടുത്ത തങ്ങൾ ഉപരോധങ്ങൾ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചെങ്കടലിൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു തടസം സൃഷ്ടിച്ചു കൊണ്ടു ഹൂത്തികൾ നിയന്ത്രണം സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ യുഎസ്, ഇസ്രയേൽ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്‌ഷ്യം വയ്ക്കില്ല എന്നാണ് മാഷാത് പറയുന്നത്.
മക്കയിലും റിയാദിലും ഹൂത്തികൾ ആക്രമണം നടത്തിയെന്ന സൗദി ആരോപണം അദ്ദേഹം തള്ളി.
Trump put off plan to hit Houthis