Image

മലവെള്ളപ്പാച്ചിൽ ; നിലമ്പൂർ വിനോദസഞ്ചാര കേന്ദ്രത്തിൽ ഒഴുക്കിൽ പെട്ട് മരണം രണ്ടായി; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

Published on 20 September, 2026
 മലവെള്ളപ്പാച്ചിൽ ; നിലമ്പൂർ വിനോദസഞ്ചാര കേന്ദ്രത്തിൽ ഒഴുക്കിൽ പെട്ട്   മരണം രണ്ടായി; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

മലപ്പുറം നിലമ്പൂർ ചോക്കാട് പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ ടി.കെ. നഗറിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടർന്ന് രണ്ടുപേർ മരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. നിരവധി സന്ദർശകർ ഉണ്ടായിരുന്ന സമയത്താണ് പുഴയിലേക്ക് മലവെള്ളം പെട്ടെന്ന് ഇരച്ചെത്തിയത്. അപകടത്തിൽ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടതായാണ് വിവരം. ഞായറാഴ്ചയായതിനാൽ പുഴയിൽ കുളിക്കാനും പ്രദേശം കാണാനുമായി നിരവധി പേരാണ് എത്തിയിരുന്നത്.

പുഴയിലെ വെള്ളം ക്രമാതീതമായി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ വലിയ ദുരന്തം ഒഴിവാക്കാനായെന്നാണ് വിവരം. മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ പൊട്ടിക്കല്ല് മുട്ടിക്കുണ്ട്, ആന്റണിക്കാട് അയനിക്കുണ്ട് ഭാഗങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. പാറക്കെട്ടുകളിൽ ഇടിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.

കരുവാരകുണ്ട് സ്വദേശി റഹീം (35), കോട്ടക്കൽ മാങ്ങാടൻ അനസ് (27), കൂടെയുണ്ടായിരുന്ന പ്രായമായ ഒരാൾ, വണ്ടൂർ സ്വദേശി സജാദ് (23), വണ്ടൂർ ചെട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ. കോളനി വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിത എന്നിവരെയാണ് കാണാതായതായി നൽകിയ വിവരത്തിൽ പറയുന്നത്. 

ചേക്കാട് സ്വദേശികളായ ആറംഗ സംഘത്തിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടതായും പുഴയിൽ കുടുങ്ങിയ നാലുപേരെ നാട്ടുകാർ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. പുറ്റമണ്ണ ഞാറകണ്ടൻ നൗഷാദ് (37), കരുവാരകുണ്ട് പുന്നക്കാട് തച്ചുപറമ്പൻ ഷബീർ ബാബു (40), വണ്ടൂർ എലിയക്കോടൻ മുഹമ്മദ് സദുറുൽ (21), കോട്ടക്കുന്ന് കുപ്പനത്ത് ഫർഹാൻ (23), വണ്ടൂർ ചെട്ടിയറമ്മൽ ചാലാർ മിർദ്ദ (39), പുളിയങ്ങോട് നെല്ലിശേരി ഫിറോസ് (43) എന്നിവർ രക്ഷപ്പെട്ടതായും പറയുന്നു.

രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക