
തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വാടക രീതിയിൽ മാറ്റം വരുത്താൻ സർക്കാർ നീക്കം. നിലവിലുള്ളതുപോലെ പ്രതിമാസം നിശ്ചിത തുക നൽകുന്നതിന് പകരം, ഹെലികോപ്റ്റർ പറക്കുന്ന സമയത്തിന് മാത്രം പണം നൽകുന്ന രീതിയിലേക്ക് മാറാനാണ് ആലോചന.
ഒരു മണിക്കൂർ പറക്കുന്നതിന് നാല് ലക്ഷം രൂപ ഈടാക്കാമെന്ന നിർദേശമാണ് ഹെലികോപ്റ്റർ കമ്പനി സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. കമ്പനി സമർപ്പിച്ച ശുപാർശയിൽ സർക്കാർ അന്തിമ തീരുമാനം എടുക്കും.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് കേരള പോലീസ് ആദ്യമായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. അന്നത്തെ കരാർ പ്രകാരം പ്രതിമാസം 80 ലക്ഷം രൂപയായിരുന്നു വാടക. ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ തുക കമ്പനിക്ക് നൽകേണ്ടിയിരുന്നു.
പ്രതിമാസം 80 ലക്ഷം രൂപ വാടകയായി നൽകുമ്പോൾ 25 മണിക്കൂർ വരെ ഹെലികോപ്റ്റർ ഉപയോഗിക്കാനുള്ള അനുമതിയുണ്ടായിരുന്നു. എന്നാൽ പല മാസങ്ങളിലും പരമാവധി അഞ്ച് മുതൽ ആറ് മണിക്കൂർ വരെയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നത്. ഉപയോഗം വളരെ കുറവായിരുന്നിട്ടും വലിയ തുക പ്രതിമാസ വാടകയായി നൽകേണ്ടിവന്നത് നേരത്തെ വിവാദങ്ങൾക്ക് കാരണമായിരുന്നു.