
എറണാകുളം: വിമാനത്താവള നിർമ്മാണത്തിലും നടത്തിപ്പിലും രണ്ടര പതിറ്റാണ്ടിലേറെയായി ആർജ്ജിച്ച മികച്ച അനുഭവസമ്പത്തുമായി കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) ആഗോള വ്യോമയാന കൺസൾട്ടൻസി രംഗത്തേക്ക് കടക്കുന്നു. ഇതിനായി പ്രത്യേകം രൂപവത്കരിച്ച 'സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവീസസ്' (എയ്‌സസ് - ACES) എന്ന പുതിയ സംരംഭം ഈ മാസം 24-ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.
വിമാനത്താവള നടത്തിപ്പിൽ മാത്രം ഒതുങ്ങാതെ, ആഗോളതലത്തിൽ വ്യോമയാന മേഖലയ്ക്ക് ആവശ്യമായ സമഗ്രമായ ഉപദേശക സേവനങ്ങൾ നൽകുകയാണ് ഇതിലൂടെ സിയാൽ ലക്ഷ്യമിടുന്നത്. വിമാനത്താവള വികസനം, എൻജിനീയറിങ്, സുരക്ഷാ മാനദണ്ഡങ്ങൾ, വാണിജ്യ മാനേജ്മെൻ്റ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സുസ്ഥിര വികസനം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ കമ്പനി നേടിയെടുത്തിട്ടുള്ള പ്രായോഗിക വിജ്ഞാനം ഇനി മറ്റ് സ്ഥാപനങ്ങൾക്കും ലഭ്യമാകും.
ഇന്ത്യയിലെയും വിദേശത്തെയും സർക്കാർ ഏജൻസികൾ, റെഗുലേറ്ററി അതോറിറ്റികൾ, എയർപോർട്ട് ഓപ്പറേറ്റർമാർ, പ്രമുഖ വ്യോമയാന കമ്പനികൾ, നിക്ഷേപകർ എന്നിവർക്ക് ഈ കൺസൾട്ടൻസി സേവനത്തിൻ്റെ പ്രയോജനം ലഭിക്കും.